മുത്തിയമ്മയുടെ തിരുസ്വരൂപം വഹിച്ച് നടത്തിയ പ്രദക്ഷിണം.
കുറവിലങ്ങാട്: മുത്തിയമ്മയുടെ അനുഗ്രഹം തേടി വിശ്വാസികൾ നടത്തിയ പട്ടണ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. എട്ട് നോമ്പ് മൂന്ന് ദിവസം പിന്നിടുമ്പോൾ കുറവിലങ്ങാട് മുത്തിയമ്മയുടെ സവിധത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമാണ്.
നോമ്പിലെ പട്ടണപ്രദക്ഷിണത്തിൽ ഓരോ ദിനവും പ്രത്യേകം ചുമതലപ്പെടുത്തിയവരാണ് തിരുസ്വരൂപം വഹിക്കുന്നത്. ഇന്നലെ പള്ളിയോഗപ്രതിനിധികളായിരുന്നു തിരുസ്വരൂപം വഹിച്ചത്. ഇന്ന് മുത്തിയമ്മ സേവകരും തുടർന്നുള്ള ദിവസങ്ങളിൽ എസ്എംവൈഎം, വ്യാപാരി സമൂഹം, ഡ്രൈവർമാർ, പിതൃവേദി എന്നിങ്ങനെ വിഭാഗങ്ങളും തിരുസ്വരൂപം വഹിക്കും.
മുട്ടുചിറ, കാളികാവ് തീർഥാടനങ്ങൾ
മാസാദ്യവെള്ളിയാഴ്ചയായ ഇന്ന് രാവിലെ 8.45ന് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ മുത്തിയമ്മ തീർഥാടക സംഘമെത്തും. പകലോമറ്റം തറവാട് പള്ളിയിൽ നിന്ന് പദയാത്രയായാണ് സംഘമെത്തുന്നത്. തുടർന്ന് കാളികാവ് പള്ളിവികാരി ഫാ. ജോസഫ് പാണ്ടിയാമ്മാക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. 11.15ന് മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ ഫൊറോനയുടെ തീർഥാടനം പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ സ്മാരക പാർക്കിൽ നിന്ന് ആരംഭിക്കും. 12ന് ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ വിശുദ്ധ കുർബാനയർപ്പിക്കും.
കർഷകദിനാചരണം
എട്ടുനോമ്പിന്റെ നാലാംദിനമായ ഇന്ന് ഇടവകയുടെ നേതൃത്വത്തിൽ കർഷകദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി കർഷകർ വിളകളുടെ ഒരുഭാഗം മുത്തിയമ്മയുടെ സന്നിധിയിൽ സമർപ്പിക്കും. സംഭരിക്കുന്ന വസ്തുക്കൾ രാത്രി ഒൻപതിന് ലേലം ചെയ്യും. ലേലതുക ജീവകാരുണ്യപ്രവർത്തനത്തിനായി വിനിയോഗിക്കും.
പ്രവിത്താനം ഫൊറോന ജപമാല റാലി
പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന ഇടവകാംഗങ്ങൾ മുത്തിയമ്മയുടെ സവിധത്തിലേക്ക് ജപമാലറാലി നടത്തി. അസി.വികാരി ഫാ. ആന്റണി കൊല്ലിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു.
മാതാവിന്റെ മനോഭാവം സ്വീകരിക്കണം: ആർച്ച്പ്രീസ്റ്റ് ഫാ.ഡോ. തോമസ് വട്ടമല
കുറവിലങ്ങാട്: മാതാവിന്റെ മനോഭാവം സ്വീകരിക്കണമെന്ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം തീർഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് വട്ടമല. എട്ടുനോമ്പിന്റെ മൂന്നാംദിനം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പരിശുദ്ധാത്മാവിനെ സമ്മാനിക്കുന്ന വ്യക്തികളായി സ്വയം മാറണം. ദൈവഹിതത്തിന് അനുസരിച്ച് ജീവിക്കുന്നതിൽ മാതാവിനെ മാതൃകയാക്കണമെന്നും ആർച്ച്പ്രീസ്റ്റ് കൂട്ടിച്ചേർത്തു.