ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും ഉദ്യോഗസ്ഥരും ചിറങ്ങരയിലെത്തിയ പ്പോൾ. സനീഷ്കുമാർ ജോസഫ് എംഎൽഎ സമീപം.
കൊരട്ടി: ദേശീയപാത വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നേരിട്ടെത്തി നിർമാണ സ്ഥലങ്ങൾ സന്ദർശിച്ചു. ചിറങ്ങരയിൽ നടക്കുന്ന അടിപ്പാതനിർമാണ പ്രവർത്തനങ്ങളാണ് കളക്ടർ ഉദ്യോഗസ്ഥരോടൊപ്പം പരിശോധിച്ചത്.
പാലത്തിന്റെ തൂൺ നിർമാണത്തിനിടെ കഴിഞ്ഞ ദിവസം ഇരുമ്പ് കമ്പിക്കൂട് നിലംപൊത്തിയ കൊരട്ടി പ്രദേശവും ഏകദേശം മുക്കാൽ ഭാഗം പൂർത്തിയായ മുരിങ്ങൂർ അടിപ്പാത നിർമാണ സ്ഥലവും സന്ദർശിക്കാതെയാണ് സംഘം മടങ്ങിയത്. സനീഷ്കുമാർ ജോസഫ് എംഎൽഎ, ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ, ആർഡിഒ വിഭൂഷൺ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്് ഇൻസ്പെക്ടർ അശോക് കുമാർ, തഹസിൽദാർ ശ്രീജ, ഡിസിആർബി ഡിവൈഎസ്പി വർഗീസ്, കൊരട്ടി എസ്എച്ച്ഒ അമൃത് രംഗൻ, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ, സെക്രട്ടറി കെ.എ. ശ്രീലത, എൻ.എച്ച്.എ.ഐ. പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ, പ്രൊജക്ട് എൻജിനീയർ അമൽ എന്നിവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.
നിർമാണ പ്രവർത്തനങ്ങളിലെ മെല്ലേപ്പോക്ക് അനുവദിക്കാനാകില്ലെന്നും കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തികൾ പൂർത്തിയാക്ക ണമെന്നും കളക്ടർ നിർദേശിച്ചു. മണ്ണിന്റെ ദൗർലഭ്യമാണു പ്രവൃത്തികൾ വൈകുന്നതെന്ന് പ്രൊജക്ട് ഡയറക്ടർ വ്യക്തമാക്കിയപ്പോൾ നിർമാണ സ്ഥലങ്ങളിൽ ആവശ്യമായ മണ്ണ് എത്തിക്കുന്നതിൽ വീഴ്ചവരരുതെന്ന് കളക്ടർ നിർദേശിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹകരണവും നൽകുമെന്ന് എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.
ഡ്രെയിനേജ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും സ്ലാബുകൾ തകർന്നു വീഴുന്നതിന് പരിഹാരം കാണണമെന്നും കളക്ടർ ആവശ്യപ്പെട്ടു. ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ പ്രദേശങ്ങളിൽ മഴപെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുമെന്ന ആശങ്ക പ്രദേശവാസികൾ മുന്നോട്ടുവച്ചു. മഴക്കാലം എത്തുന്നതിന് മുമ്പ് തന്നെ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമ മാക്കണമെന്ന് കളക്ടർ എൻഎച്ച്എഐ അധികൃതർക്ക് നിർദേശം നൽകി.
നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന പരാതിയും ഉയർന്നു. അടിപ്പാതയുടെ അപ്രോച്ച് റോഡിനോടുചേർന്ന് നിർമിക്കുന്ന പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകളുടെ ഭാഗത്ത് ഇരുമ്പുകമ്പികൾ സർവീസ് റോഡിലേക്ക് തള്ളി നിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതായി ആർടിഒ പ്രതിനിധി ചൂണ്ടിക്കാട്ടി. സുരക്ഷാ റിബൺ ഉൾപ്പെടെയുള്ള മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.
ചിറങ്ങരയിലും മുരിങ്ങൂരിലും പതിനഞ്ചടിയോളം ഉയരത്തിൽ നിന്നു പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകൾ സർവീസ് റോഡിലേക്ക് മറിഞ്ഞുവീണത് ഗുരുതര അനാസ്ഥയാണെന്നും സമാന സംഭവം ആവർത്തിച്ചാൽ കേസെടുക്കുമെന്നും എസ്പി മുന്നറിയിപ്പുനൽകി. മുരിങ്ങൂർ–ചിറങ്ങര മേഖലയിൽ നിർമാണ സ്ഥലങ്ങളിൽ വെളിച്ചക്കുറവ് രൂക്ഷമാണെന്നും ഇത് അപകട സാധ്യത വർധിപ്പിക്കുന്നുവെന്നും പോലിസ് അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കളക്ടർ പ്രൊജക്ട് ഡയറക്ടർക്ക് നിർദേശം നൽകി.
ചിറങ്ങരയും മുരിങ്ങൂരും ഉൾപ്പെടെയുള്ള അടിപ്പാത നിർമാണം മസം 31നകം പൂർത്തിയാക്കുമെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ ഉറപ്പുനൽകി. അതേസമയം ബലക്ഷയം സംഭവിച്ചിരിക്കുന്ന ചാലക്കുടി പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. എന്നാൽ ചിറങ്ങര യും മുരിങ്ങൂരും അടിപ്പാത നിർമാണം പൂർത്തിയാകുന്നതിനുമുമ്പ് ചാലക്കുടി പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കരുതെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.