കാസര്‍ഗോഡ്: ചെര്‍ക്കളയില്‍ ദേശീയപാത വികസനം ഇഴഞ്ഞുനീങ്ങുന്നതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികള്‍. മൂന്നുവര്ഷത്തിലേറെയായുള്ള കാലതാമസം ഒഴിവാക്കി പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എക്കും മുന്‍ ജില്ലാ കളക്ടര്‍ക്കും എന്‍എച്ച്എഐ കണ്ണൂര്‍ പ്രോജക്ട് ഡയറക്ടര്‍ക്കും ഫെബ്രുവരി ആദ്യവാരം നിവേദനം ആക്ഷന്‍ കമ്മിറ്റി നല്‍കിയിരുന്നു.
തുടര്‍ന്ന് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥസംഘം ഫെബ്രുവരി 17നു ചെര്‍ക്കളയിലെ വര്‍ക്ക് സൈറ്റ് സന്ദര്‍ശിക്കുകയും എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും മുഴുവന്‍ വര്‍ക്കുകളും മാര്‍ച്ച് 31നകം ചെയ്ത് തീര്‍ക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
നേരത്തെ ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കളക്ടര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടത് പ്രകാരം ചെങ്കള പഞ്ചായത്ത് ടെക്നിക്കല്‍ വിഭാഗം തയാറാക്കിയ ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായുള്ള ഓവുചാലിലേക്ക് മഴ വെള്ളം പ്രവേശിക്കാതെ തടസപ്പെട്ടുകിടക്കുന്ന മറ്റു ഓവുചാലുകള്‍, മറ്റു റോഡുകള്‍ തുടങ്ങിയ വര്‍ക്കുകളുടെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടിന്റെ കോപ്പിയും മേഘ കമ്പനി ചെയ്ത് തീര്‍ക്കേണ്ടതായ അടിയന്തരപ്രവൃത്തി സംബന്ധിച്ച വിവരങ്ങളും മേഘ കമ്പനി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും ഫെബ്രുവരി 19നു മേഘ കമ്പനി മാനേജ്മെന്റിന് ചെങ്കള പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ചില പ്രവൃത്തികള്‍ വേഗത്തില്‍ നടന്നിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയില്‍ തന്നെയായി.
ഇപ്പോള്‍ മേല്‍പ്പാലത്തിന്റേത് ഒഴികെയുള്ള മുഴുവന്‍ വര്‍ക്കുകളും പൂര്‍ണമായും നിലച്ചിടാനുള്ളത്. സര്‍വീസ് റോഡിന്റെ പകുതിയിലധികവും ഇപ്പോഴും പണി നടന്നിട്ടില്ല. നടപ്പാതയുടെ ഒരു ഭാഗം പാതിവഴിയിലാണ്. പെട്രോള്‍ പമ്പിന്റെ ഭാഗത്തുള്ള നടപ്പാതയുടെ പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും പത്തുശതമാനം പോലും ആയിട്ടില്ല. ടൗണിലെ രൂക്ഷമായ പൊടിപടലങ്ങള്‍ ഒഴിവാക്കുന്നതിന് മേല്‍പ്പാലത്തിന്റെ താഴെയുള്ള മണ്ണും നിര്‍മാണത്തിന്റെ ബാക്കി വന്ന പാഴ് വസ്തുക്കളും നീക്കം ചെയ്ത് ഇന്റര്‍ലോക്ക് ചെയ്യണമെന്ന ആവശ്യം പരിഗണിക്കുക പോലും ചെയ്തിട്ടില്ല.
നേരത്തെ ദേശീയപാതയില്‍ അവസാനിച്ചിരുന്ന ചെര്‍ക്കള- കല്ലടുക്ക, ചെര്‍ക്കള-ജാല്‍സൂര്‍ എന്നീ റോഡുകള്‍ മേല്‍പാലത്തിന്റെ വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ ദേശീയപാതയില്‍ നിന്നും 300 മീറ്റര്‍ പിന്നിലായാണ് അവസാനിക്കുന്നത്. ഈ മേൽപ്പാലത്തിന്റെ ഇരു ഭാഗത്തുമുള്ള സര്‍വീസ് റോഡുകളും ഓവുചാലുകളും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ വര്‍ക്കുകള്‍ ആരംഭിച്ചിട്ടില്ല. കിഴക്കുഭാഗത്തുള്ള ഡ്രെയ്നേജ് പണി നടക്കുണ്ടെങ്കിലും ബറോഡ ബാങ്കിന്റെ മുന്‍ വശത്തുകൂടി പൂര്‍ത്തിയായില്ലെങ്കില്‍ വെള്ളം ഓവര്‍ഫ്ലോ ആവുകയും ടൗണില്‍ വലിയൊരു വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യും.
ഇക്കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് ഏപ്രില്‍ 13ന് പുതിയ ജില്ലാ കളക്ടര്‍ക്കും എഡിഎമ്മിനും നേരിട്ട് കണ്ട് നിവേദനം നല്‍കുകയും ജനപ്രതിനിധികളെയും, കമ്പനി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ സൈറ്റ് സന്ദര്‍ശിച്ച് വര്‍ക്കുകള്‍ വേഗത്തിലാക്കുവാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മേഘ കമ്പനിയുടെ യോഗം വിളിച്ച് വര്‍ക്ക് വേഗത്തിലാക്കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. നിര്‍മാണപ്രവൃത്തിക്ക് സൗകര്യത്തിന് വേണ്ടി അടച്ചുപൂട്ടിയ ചെര്‍ക്കള-ചട്ടഞ്ചാല്‍ റോഡിലും വേണ്ട രീതിയില്‍ വര്‍ക്കുകള്‍ നടക്കുന്നില്ല. ഈ റോഡ് എത്രയും വേഗം പണി പൂര്‍ത്തിയാക്കി സ്കൂള്‍ തുറക്കുന്നതിനു മുമ്പായി തുറന്നുകൊടുക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം.
മഴ വരുന്നതിന് മുമ്പ് മേല്പറഞ്ഞ മുഴുവന്‍ വര്‍ക്കുകളും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഈ വര്‍ഷവും ഇല്ലായെങ്കില്‍ ചെർക്കള ടൗണില്‍ വെള്ളം കെട്ടിക്കിടക്കുകയും കച്ചവട സ്ഥാപനങ്ങളില്‍ കയറുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്യും.
വര്‍ക്കുകള്‍ മേയ് 31 ന് മുമ്പ് തീര്‍ക്കുന്ന രീതിയില്‍ ജില്ലാ കളക്ടര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ദേശീയപാത ഉപരോധം അടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ആക്ഷന്‍ കമ്മിറ്റി ചെയര്മാന് മൂസ ബി. ചെര്‍ക്കള, പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, ഷെരീഫ് ബേവിഞ്ച, ഷുക്കൂര്‍ ചെര്‍ക്കള എന്നിവര്‍ പങ്കെടുത്തു.