ദിനേശ് സഹ, സച്ചിന് കുമാര്‍
ചവറ: വീടുകളില്‍ കയറി സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങളില്‍ രാസലായനി മുക്കി സ്വര്‍ണം തട്ടിയെടുക്കുന്ന ഇതരസംസ്ഥാനക്കാരായ 2 പേര് പിടിയില്‍. ബിഹാര്‍ അറാറിയ, നിയര്മന്ദിര്, ധാമ സ്വദേശി ദിനേശ് സഹ (45), ബിഹാര്‍ സുപോള്‍, ജാദിയ സ്വദേശി സച്ചിന് കുമാര്‍ സഹ (36) എന്നിവരാണ് അറസ്റ്റിലായത്. വീടുകളിലെത്തുന്ന ഇവര്‍ കരിപുരണ്ട ചെമ്പ് പാത്രങ്ങള്‍, നിലവിളക്ക് എന്നിവ വെളുപ്പിച്ചു നല്‍കും. തുടര്‍ന്ന് സ്ത്രീകളെ പറഞ്ഞ് കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ വെളുപ്പിച്ചു തരാമെന്ന് പറഞ്ഞാണ് രാസലായനി മുക്കി സ്വര്‍ണം തട്ടിയെടുക്കുന്നത്.
കഴിഞ്ഞ തിങ്കള്‍ ഉച്ചയ്ക്ക് 12.30ന് ചവറ ബ്രിജ് ശ്രീകൃഷ്ണ ഭവനില്‍ ശോഭന (74)യുടെ വീട്ടിലെത്തിയ ഇവര്‍ 18 ഗ്രാം മാല ഊരി വാങ്ങി രാസലായനിയില്‍ മുക്കി ആഭരണത്തിലെ സ്വര്‍ണം അലിയിച്ചെടുക്കുകയും തിരികെ നല്‍കുകയുമായിരുന്നു.
മാല കറുത്തുപോയത് ചോദിച്ചപ്പോള്‍ മഞ്ഞള്‍ വെള്ളത്തില്‍ മുക്കിയാല്‍ തിളക്കം ലഭിക്കുമെന്ന് പറഞ്ഞു. ഇതിനിടെ ശോഭനയുടെ മകള്‍ എത്തുകയും മാല കണ്ട് തട്ടിപ്പാണെന്ന് മനസിലാക്കി ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ജ്വല്ലറിയില്‍ മാല എത്തിച്ചു നോക്കിയപ്പോള്‍ 6 ഗ്രാം കുറവുണ്ടെന്ന് കണ്ടെത്തി.
ഇന്നലെ രാവിലെ നീണ്ടകര പരിമണത്ത് തറമേല്‍ കിഴക്കേതില്‍ സതിയമ്മയുടെ വീട്ടിലെത്തിയ സംഘം ഇവര്‍ അണിഞ്ഞിരുന്ന സ്വര്ണമാലയില് അഴുക്കുണ്ടെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഊരി വാങ്ങി ലായനിയില്‍ മുക്കി മഞ്ഞപ്പൊടിയിട്ട് പൊതിഞ്ഞ് തിരികെ നല്‍കുകയായിരുന്നു. ഇപ്പോള്‍ നോക്കരുതെന്നു പറഞ്ഞ് സംഘം സ്ഥലം വിടാനൊരുങ്ങിയതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നുകയും നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലിസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സതിയമ്മയുടെ മാല പൊട്ടിച്ചിതറിയ നിലയിലായിരുന്നു. 10 ഗ്രാം സ്വര്‍ണമാല പരിശോധിച്ചപ്പോള്‍ മൂന്നു ഗ്രാം സ്വര്‍ണം നഷ്ടമായതായി കണ്ടെത്തി.
രണ്ടു സംഭവങ്ങളിലും പൊലിസ് കേസെടുത്തു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. എസ്എച്ച്ഒ സുജോ ജോര്‍ജ് ആന്റണി, എസ്ഐ മാരായ ബി. ഓമനക്കുട്ടന്, അഭിജിത്ത്, എഎസ്ഐ മാരായ സജീവ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Tags : District News Nattuvishesham arrested gold ornaments chemical solution