നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ ആധുനിക ഗ്യാസ് ശ്മശാനം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യമായി സംസ്കരിച്ചത് നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിയായ തൃശൂര്‍ സ്വദേശി വിഷ്ണുവിന്റെ വല്യമ്മ പുഷ്പയെ. മുമ്പ് പലതവണ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും ശ്മശാനം ഉപയോഗയോഗ്യമായിരുന്നില്ല. രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് 2022 ഏപ്രില്‍ 27നായിരുന്നു നിര്‍മാണോദ്ഘാടനം.
12 വര്‍ഷമായി ഉപയോഗശൂന്യമായി കിടന്ന ഗ്യാസ് ശ്മശാനം പൊളിച്ചുനീക്കിയാണ് 35 ലക്ഷം രൂപ ചെലവില്‍ ഗ്യാസും വൈദ്യുതിയും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ആധുനിക ക്രിമിറ്റോറിയത്തിന്റെ നിര്‍മാണമാരംഭിച്ചത്. എന്നാല്‍, നിര്‍മാണ ജോലികള്‍ ഇടയ്ക്കിടയ്ക്ക് നടത്തുകയും ഉടന്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് പിന്നീട് നടന്നത്.
ഏറ്റവുമൊടുവില്‍ നിര്‍മാണച്ചുമതലയുള്ള കോസ്റ്റ്ഫോഡും പഞ്ചായത്തും നടത്തിയ ചര്‍ച്ചയില്‍ ചിമ്മിനിയുടെ അടിത്തറയും ചിമ്മിനിയും പൂര്‍ത്തിയാക്കി 2025 ഒക്ടോബര്‍ 26ന് മുന്‍ മന്ത്രി എം.ബി. രാജേഷ് ഓണ്‍ലൈനായി ഉദ്ഘാടനവും നടത്തി. എങ്കിലും പുതുതായി എത്തിച്ച ജനറേറ്റര്‍ ക്രിമിറ്റോറിയത്തിന് പുറത്ത് മഴയും വെയിലുമേറ്റ് നശിച്ചു കിടക്കുകയായിരുന്നു. ഇതിനിടെ ഇവിടേക്ക് എത്തിച്ച ഇരുപതിലധികം എല്‍പിജി സിലണ്ടറുകളും കാണാതായി. ഇതോടെ ക്രിമിറ്റോറിയം ആര്‍ക്കും ഉപകാരപ്പെടാതെ അനാഥമാകുകയായിരുന്നു.
കാണാതായ സിലിണ്ടറുകള്‍ക്ക് പകരമായി 18ഓളം സിലിണ്ടറുകള്‍ എത്തിച്ചായിരുന്നു തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ കിഴക്കൂട്ടയില്‍ പുഷ്പയുടെ(90) സംസ്കാരം.
Tags : Nedumkandam nattuvishesham local news