തെളിവെടുപ്പു
പൂവച്ചൽ: മാസങ്ങളായി നിലനിന്നിരുന്ന അതിർത്തി തർക്കത്തിനൊടുവിൽ എഴുപത്തിരണ്ടുകാരനായ ഗൃഹനാഥന് അയൽവാസിയുടെ വെട്ടേറ്റു. പൂവച്ചൽ ആലമുക്ക് അടവച്ചപ്പാറ സ്വദേശിയായ പുഷ്പാംഗതനെയാണ് (72) അയൽവാസിയായ പൂവച്ചൽ ആലമുക്ക് അടവച്ചപ്പാറ കുറ്റിച്ചിറ റോഡരികത്തു വീട്ടിൽ അജയൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്. രാവിലെ 10.45 ഓടെയാണ് സംഭവം. പുഷ്പാംഗതനെ ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ അജയനെതിരേ കാട്ടാക്കട പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒൻപത് മാസക്കാലമായി പുഷ്പാംഗതനും അജയനും തമ്മിൽ അതിർത്തി തർക്കം രൂക്ഷമായിരുന്നു. വിഷയം പരിഹരിക്കാൻ ജനപ്രതിനിധികളും കുഴക്കാട് വാർഡ് മെമ്പറും ഇരുപതിലധികം തവണ മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നു. തുടർച്ചയായി ഉണ്ടായ തർക്കങ്ങളെ തുടർന്ന് പുഷ്പാംഗതൻ അതിർത്തിയിലെ മരം മുറിച്ചു നൽകാൻ സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനിടയിൽ വിഷയത്തിൽ താലൂക്കിലും വില്ലേജിലും പരാതി നൽകിയതിനെച്ചൊല്ലി തർക്കം വീണ്ടും രൂക്ഷമായി. സംഭവദിവസം പുഷ്പാംഗതൻ വീടിന് പുറത്തുനിന്ന മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ അജയൻ സ്ഥലത്തെത്തുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ അജയൻ പുഷ്പാംഗതന്റെ കൈയിൽനിന്നു വെട്ടുകത്തി വാങ്ങി അദ്ദേഹത്തെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോൾ രക്തം വാർന്ന നിലയിലാണ് പുഷ്പാംഗതനെ കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
അതേ സമയം ഗുരുതര പരിക്കേറ്റ പുഷ്പാംഗതൻ രക്തമൊലിക്കുന്ന കൈകളുമായി അയൽവീട്ടിലെത്തി സഹായം തേടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. കാട്ടാക്കട പൊലിസ് സ്റ്റേഷനിലെ എസ്ഐ ശ്രീജിത്തും സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തുകയും ചെയ്തു.