സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
മണ്ണാർക്കാട്: സ്കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതരവിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതരവിഷയങ്ങളും.
കുട്ടികളുടെ വ്യത്യസ്തഅഭിരുചികളെയും ശാസ്ത്രബോധത്തെയും പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. 30-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവംബർ 18 മുതൽ 21 വരെയാണ് മണ്ണാർക്കാട്ട് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നടക്കുന്നത്. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ, എംഇഎസ് സ്കൂൾ, കല്ലടി സ്കൂൾ, കെടിഎം സ്കൂൾ, എംഇടി എച്ച്എസ് എന്നിവിടങ്ങളിലാണു വേദി.
ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള, സ്പെഷൽ സ്കൂൾ പ്രവൃത്തിപരിചയമേള, വൊക്കേഷണൽ എക്സ്പോ, കരിയർ ഫെസ്റ്റ് എന്നിവയാണു ശാസ്ത്രോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാന കായികമേള ഒക്ടോബർ അവസാനവാരം കോഴിക്കോട് എൻഐടിയിലും, സംസ്ഥാന കലോത്സവം ജനുവരിയിൽ എറണാകുളത്തും നടക്കുമെന്നും മന്ത്രി അറിയിച്ചു.
ശാസ്ത്രോത്സവ നടത്തിപ്പിനായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപക സംഘടനകൾ, പൊതുപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി 18 സബ് കമ്മിറ്റികൾ രൂപീകരിച്ചു.
നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ മണ്ണാർക്കാട് നഗരസഭ ചെയർപേഴ്സണ് കെ. സജ്ന അധ്യക്ഷയായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുണ് കെ. വിജയൻ, അഡീഷണൽ ഡയറക്ടർ അക്കാദമിക് സി.എ. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ, മണ്ണാർക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. ബാലകൃഷ്ണൻ, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീന, മുൻ എംഎൽഎ കളത്തിൽ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ, എൻഎഫ്ടിഡബ്ല്യു അസി. സെക്രട്ടറി എ. മൊയ്തീൻ, വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ കെ.വി. മനോജ് ഡിഡിഇ ടി.എം. സലീന ബീവി, ഡിഇഒ വി. അനിത, ഡിപിസി ടി. ഷൗക്കത്തലി, എഇഒ സ. അബൂബക്കർ, അധ്യാപക സംഘടനാനേതാക്കൾ, ജനപ്രതിനിധികൾ, മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.
Tags : NattuVishesham DistrictNews