കീഴല്ലൂർ അണക്കെട്ട് പമ്പിംഗ് സ്റ്റേഷൻ കാടുകയറിയ നിലയിൽ.
സ്വന്തം ലേഖകൻ
മട്ടന്നൂർ: കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും കീഴല്ലൂർ അണക്കെട്ട് പമ്പിംഗ് നടത്താതെ ഉപയോഗ ശൂന്യമാകുന്നതിനൊപ്പം അണക്കെട്ടിലെ വെള്ളം സംരക്ഷിക്കാൻ നടപടിയില്ലാതെ പുഴയിലേക്ക് ഒഴുക്കിവിടുന്നു. തലശേരി-മാഹി നഗരങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനായി അന്‍പത്തിനാല് വർഷം മുന്‍പ് ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട് കാടുകയറി നശിക്കുന്നത്. നാലു വർഷം മുന്‍പ് ഇവിടെ നിന്നുള്ള പന്പിംഗ് നിർത്തിയതോടെയാണ് കെട്ടിടവും പരിസരവും കാടുകയറി നശിച്ചുതുടങ്ങിയത്.
1972 ലാണ് തലശേരി - മാഹി നഗരങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനായി കീഴല്ലൂരിൽ അണക്കെട്ട് നിർമിച്ചത്. ആറ് ഷട്ടറുകളോടെ നിർമിച്ച അണക്കെട്ടിൽ നിന്നും ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളമായിരുന്നു ഇവിടെ നിന്ന് പന്പ് ചെയ്തിരുന്നത്. പിന്നീട് അണക്കെട്ടിൽ വെള്ളത്തിന്റെ സംഭരണ ശേഷിയും അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ പന്പിംഗ് ശേഷി കുറയുകയും ചെയ്തതോടെ പന്പിംഗ് പെരളശേരി പദ്ധതിയിലേക്ക് മാറ്റി. ഇതോടെ കീഴല്ലൂരിന്റെ നാശം പൂർണമായി.
ഷട്ടർ അടച്ച് ജലം സംഭരിക്കുമ്പോൾ സമീപത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറുന്ന പ്രശ്നമുണ്ടായതിനാൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും വലിയ തോതിലുള്ള ചോർച്ചയും പദ്ധതിയുടെ നിലനിൽപ്പിനെയും ബാധിച്ചു.
Tags : NattuVishesham DistrictNews