തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽനിന്ന്.
മലപ്പുറം: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വരണാധികാരികൾ, ഉപവരണാധികാരികൾ, പ്രിസൈഡിംഗ് ഓഫിസർമാർ, ഫസ്റ്റ് പോളിംഗ് ഓഫിസർമാർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള 24 ഉദ്യോഗസ്ഥർ പങ്കെടുത്തു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒയും മാസ്റ്റർട്രെയിനറുമായ എ. നൗഷാദ് പരിശീലനത്തിന് നേതൃത്വം നൽകി.
വേങ്ങര പഞ്ചായത്തിലെ മൂന്നാം വാർഡ് (പൂങ്കുടായ), മങ്കടയിലെ നാലാം വാർഡ് (കടന്നമണ്ണ), കാലടിയിലെ 12-ാം വാർഡ് (വെറൂർ), താനാളൂരിലെ ഒന്നാം വാർഡ് (മൂലക്കൽ) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇവിഎം മെഷീനുകളുടെ ക്രമീകരണം, പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും വോട്ടെണ്ണൽ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. 26ന് രാവിലെ 10ന് കളക്ടറേറ്റിലെ ഇവിഎം വെയർ ഹൗസിൽനിന്ന് പൊലിസ് സുരക്ഷയോടെ വോട്ടിംഗ് മെഷീനുകളും സ്റ്റേഷനറി സാമഗ്രികളും വരണാധികാരികൾക്ക് വിതരണം ചെയ്യും. അന്നേ ദിവസം തന്നെ ഇവിഎം കമ്മിഷനിംഗ് പൂർത്തിയാക്കും. 29നാണ് വോട്ടെണ്ണൽ.
Tags : Nattuvishesham Panchayat By-election