പ്രതീകാത്മക ചിത്രം
നിലന്പൂർ: നിലന്പൂരിന്റെ പ്രിയപ്പെട്ട കലാകാരിയും നാടക, സിനിമാ നടിയുമായ നിലന്പൂർ ആയിഷയ്ക്ക് 91 വയസ് പൂർത്തിയായി. പിറന്നാൾ ദിനത്തിന്റെ ഭാഗമായി നിലന്പൂർ നഗരസഭയുടെ മുൻ ചെയർമാൻ മാട്ടുമ്മൽ സലീമിന്റെ നേതൃത്വത്തിൽ മുൻ കൗണ്‍സിലർമാരും നിലന്പൂരിലെ സീനിയർ സിറ്റിസണ്‍ അംഗങ്ങളും ചേർന്ന് നിലന്പൂർ ആയിഷയുടെ വല്ലപ്പുഴയിലെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. തന്റെ ജൻമദിനം ഓർത്തുവച്ച് ആദരിക്കാൻ എത്തിയവർക്ക് ആയിഷാത്ത മധുരവും നൽകി.
1936 സെപ്തംബർ 18നായിരുന്നു നിലന്പൂർ മുക്കട്ടയിൽ മൂത്തേടത്ത് അഹമ്മദ് കുട്ടിയുടെയും എരഞ്ഞിക്കൽ കുഞ്ഞാച്ചുമ്മയുടെയും ഏഴ് മക്കളിൽ ഒരാളായി നിലന്പൂർ ആയിഷ ജനിക്കുന്നത്. ജ്യേഷ്ഠസഹോദരൻ മാനു മുഹമ്മദ് ആണ് ആയിഷയെ നാടക കലാപ്രസ്ഥാനങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്.
13-ാം വയസിൽ വിവാഹം കഴിച്ചെങ്കിലും മൂന്ന് ദിവസം മാത്രം ആയുസുണ്ടായ ദാന്പത്യത്തിൽ മകളുമുണ്ടായി. 15 -ാം വയസിൽ ഇ.കെ. അയമുവിന്റെ "ജ് നല്ലൊരു മനുസനാകാൻ നോക്ക്’ എന്ന നാടകത്തിൽ ആദ്യമായി ആയിഷ അഭിനയിച്ചു.
മുസ്ലിം സ്ത്രീകൾ പ്രത്യേകിച്ച് നാടകരംഗത്ത് വരുന്നതിനെ മതം ശക്തമായി എതിർത്തിരുന്ന അക്കാലത്താണ് നിർഭയം കേരളം മുഴുവൻ നിരവധി നാടകവുമായി ആയിഷയും സംഘാംഗങ്ങളും പര്യടനം നടത്തിയത്. ഇക്കാലത്ത് ആയിഷയ്ക്ക് നേരേ വധ ഭീഷണിവരെ ഉണ്ടായി. പിന്നീട് കുട്ടിക്കുപ്പായം, സുബൈദ, കാട്ടുപ്പൂക്കൾ തുടങ്ങിയ നിരവധി സിനിമകളിലും അവർ അഭിനയിച്ചു.
ടി.കെ. മാധവൻ, നിലന്പൂർ ബാലൻ, കുഞ്ഞിക്കുട്ടൻ തന്പുരാൻ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് നാടകങ്ങൾ പിറന്നിരുന്നത്. ആയിഷയുടെ പ്രവാസി ജീവിതം സിനിമയാക്കിയപ്പോൾ ആയിഷയായി സ്ക്രീനിൽ എത്തിയത് മഞ്ജു വാര്യർ ആയിരുന്നു.
ചടങ്ങിൽ കൗണ്‍സിലർ പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. മുൻ കൗണ്‍സിലർമാരായ റിനീഷ് കുപ്പായി, നാജിയ ഷാനവാസ്, എം.ടി. അഷ്റഫ്, എൻസിപി-എസ്പി ജില്ലാ വൈസ് പ്രസിഡന്റ് പരുന്തൻ നൗഷാദ്, മുതിർന്ന പൗരൻമാരായ ഷൗക്കത്ത് പറക്കുണ്ടൻ, കാട്ടുങ്ങൽ ഷൗക്കത്ത്, കെ.പി. അസീസ് റഹ്മാൻ, ഇ.കെ. കുഞ്ഞുമാനു, ഇ.കെ. സത്താർ, മാട്ടുമ്മൽ യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.
Tags : District News Nattuvishesham Ayisha turns Community pays tribute