പ്രതീകാത്മക ചിത്രം
കോഴിക്കോട്: കേരള മുൻസിപ്പൽ ബിൽഡിംഗ് നിയമപ്രകാരം കെട്ടിടനിർമാണത്തിനായി അംഗീകരിച്ചിട്ടുള്ള പാർക്കിംഗ് സൗകര്യങ്ങൾ കെട്ടിടനിർമാണത്തിനു ശേഷം അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്കോ മറ്റോ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അത്തരം നിയമലംഘനങ്ങൾക്കെതിരേ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
കോഴിക്കോട് മുൻസിപ്പൽ കോർപറേഷൻ സെക്രട്ടറിക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. അനുവദിച്ചിട്ടുള്ള പാർക്കിംഗ് സൗകര്യങ്ങൾ യഥാർത്ഥ ആവശ്യത്തിന് തന്നെ നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കെട്ടിട ഉടമകൾ പാർക്കിംഗ് സ്ഥലങ്ങൾ അനധികൃതമായി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ പരിശോധനയും തുടർനടപടികളും കോർപറേഷൻ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.
മതിയായ പാർക്കിംഗ് സൗകര്യമില്ലാത്ത റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും റോഡ് സുരക്ഷയ്ക്കുമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരിഗണിച്ച് ഇത്തരം പ്രവണതകൾ നിയന്ത്രിക്കാൻ സിറ്റി പൊലിസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുമായി ഏകോപനം നടത്തി സ്വീകരിച്ചിട്ടുള്ളതും സ്വീകരിക്കാൻ ഉദേശിക്കുന്നതുമായ നടപടികളെ കുറിച്ച് കോർപറേഷൻ സെക്രട്ടറി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
പാർക്കിംഗ് സ്ഥലങ്ങളുടെ അനധികൃത ഉപയോഗം, റോഡരികിലും നടപ്പാതകളിലുമുള്ള പാർക്കിംഗ്, കാൽനടയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, ഗതാഗത കുരുക്ക്, അപകട സാധ്യത എന്നിവ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം. പരിഹാര മാർഗങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.
കോഴിക്കോട് നഗരത്തിലെ വാഹനപാർക്കിംഗ് കാരണം സഞ്ചാര സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നു എന്ന പരാതിയിലാണ് ഉത്തരവ്. കെട്ടിടങ്ങൾക്ക് പ്ലാൻ അനുവദിക്കുമ്പോൾ മതിയായ പാർക്കിംഗ് സൗകര്യങ്ങൾ അനുവദിക്കണമെന്നും പരാതിക്കാരനായ ജെ.വി. ജോസ് ആവശ്യപ്പെട്ടു.
Tags : District News Nattuvishesham Action parking misused