കൊല്ലം: കെഎസ്ആര്‍ടിസി ഡിപ്പോയിൽ പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതിയില്‍ അനിശ്ചിതത്വം. അപകടാവസ്ഥയിലുള്ള നിലവിലെ ഗാരേജ് പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതിയോട് സ്ഥലം എംഎല്‍എകൂടിയായ മന്ത്രി ബിന്ദുകൃഷ്ണ എതിര്‍പ്പ് ഉന്നയിച്ചതാണ് അനിശ്ചിതത്വത്തിന് ഇടയാക്കുന്നത്. താലൂക്ക് കച്ചേരി ജംഗ്ഷനില്‍ ബസ് സ്റ്റാന്‍ഡുകൂടി വരുന്നതോടെ തിരക്ക് അനിയന്ത്രിതമാകുമെന്നും ഗതാഗതക്കുരുക്ക് പതിവാകുമെന്നും ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന രോഗികൾ ഇതുമൂലം ബുദ്ധിമുട്ടുമെന്നും ബിന്ദു കൃഷ്ണ പറയുന്നു. കച്ചേരിയിലെ ബസ് സ്റ്റോപ്പും ഓട്ടോ സ്റ്റാന്‍ഡും ഇവിടെനിന്ന് മാറ്റേണ്ടിവരുമെന്നും ഒട്ടേറെപ്പേരുടെ ഉപജീവനമാര്‍ഗം ഇതോടെ ഇല്ലാതാകുമെന്നും എതിര്‍പ്പ് ഉന്നയിച്ച് മന്ത്രി ബിന്ദു കൃഷ്ണ പറയുന്നു.
നിലവിലെ ഗാരേജ് പൊളിച്ച് അവിടെ പുതിയ കെട്ടിടം നിര്‍മിക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിരുന്നു. ടെന്‍ഡര്‍ നടപടികളാണ് അടുത്ത ഘട്ടം. ഗാരേജ് പൊളിച്ചുമാറ്റുമ്പോള്‍ ബസുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി താത്കാലിക സൗകര്യമൊരുക്കുന്നതിന് ഡിപ്പോയ്ക്കു പിന്നിലെ പഴയ കാന്റീന് കെട്ടിടം പൊളിച്ച് സ്ഥലം നിരപ്പാക്കിയിരുന്നു. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ ഡിപ്പോ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം നിര്‍മിക്കാനും വിനോദസഞ്ചാരികള്‍ക്കായി പ്രയോജനപ്പെടുത്താനും ലക്ഷ്യമുണ്ടായിരുന്നു.
മുന്‍ എംഎല്‍എ. എം. മുകേഷിന്റെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള അഞ്ചുകോടി രൂപയും 2025-
26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഫണ്ടില്‍നിന്നുള്ള പത്തുകോടി രൂപയും ഉള്‍പ്പെടെ 15 കോടി രൂപ ഉപയോഗിച്ചാണ് നിലവിലെ ഗാരേജില്‍ പുതിയ ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. 26,370 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം. ഒരേ സമയം 22 ബസുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടാകും. കാത്തിരിപ്പുകേന്ദ്രം, ഭക്ഷണശാല, കടമുറികള്‍, റിസര്‍വേഷന്‍ സെന്റര്‍, ഡിപ്പോ ഓഫിസ്, വിശ്രമമുറികള്‍, ശൗചാലയം എന്നിവയും കെട്ടിടത്തിലുണ്ടാകും.
കോണ്‍ക്രീറ്റും ഉള്ളിലെ തുരുമ്പിച്ച കമ്പികളും അടര്‍ന്ന് അപകടാവസ്ഥയിലാണ് കെട്ടിടം ഇപ്പോള്‍. ഭീതിയോടെയാണ് ജീവനക്കാരും യാത്രക്കാരും ഇവിടെ നില്‍ക്കുന്നത്. നിര്‍മാണം സംബന്ധിച്ച അനിശ്ചിതത്വം ജീവനക്കാര്‍ക്കും ആശങ്കയുണ്ടാക്കുകയാണ്.
Tags : Local News Nattuvishesham Kollam