കൊച്ചി നഗരസഭ റോ-റോയില്‍ ഒരുക്കിയ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ടിക്കറ്റ് മുഖ്യമന്ത്രി വി.ഡി. സതീശന് മേയര്‍ വി.കെ. മിനിമോള്‍ക്ക് കൊടുക്കുന്നു.
കൊച്ചി: കൊച്ചിയുടെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കരുത്തേകാന്‍ മൂന്നാമത് റോറോ വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പുതിയ വെസല്‍ എത്തുന്നതോടെ പശ്ചിമ കൊച്ചിയിലേക്കും നഗരത്തിലേക്കുമുള്ള യാത്ര കൂടുതല്‍ സുഗമവും ആധുനികവുമായി മാറുമെനന്നും കൊച്ചി നഗരസഭയുടെ മൂന്നാമത് റോറോ വെസലായ സേതുസാഗര്‍ മൂന്നിന്റെ ഉദ്ഘാടനം വൈപ്പിന്‍ ബോട്ട് ജെട്ടിയില്‍ നിര്‍വഹിച്ച് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
റോറോ സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച കൊച്ചി നഗരസഭയുടെ തീരുമാനം പ്രശംസനീയമാണ്. ഈ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ലാഭം അവരുടെ സ്വന്തം സമ്പാദ്യമായി മാറ്റിവയ്ക്കണം. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആത്മവിശ്വാസവും അഭിമാനവും വളര്‍ത്താന്‍ ഇത്തരം സ്വന്തം സമ്പാദ്യങ്ങള്‍ സഹായിക്കുമെന്നും അതിനായി കെഎസ്എഫ്ഇ വഴി ഒരു പിങ്ക് ചിട്ടി ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 190 എംഎല്‍ഡി ശേഷിയുള്ള ജലപദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. കൂടാതെ ഫോര്‍ട്ട്കൊച്ചി ബീച്ചിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി ബീച്ച് നവീകരണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. അത്യാധുനിക രീതിയിലുള്ള ഓഷ്യനേറിയം, ഫിലിം സിറ്റി, രാജ്യാന്തര നിലവാരത്തിലുള്ള മാരിടൈം മ്യൂസിയം എന്നിവ യാഥാര്‍ഥ്യമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി കൊച്ചി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയര്‍ വി.കെ. മിനിമോള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി, ടി.ജെ. വിനോദ്, ദീപക് ജോയ്, കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷറഫ്, സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, കെഎസ്ഐഎന്‍സി മാനേജിംഗ് ഡയറക്ടര്‍ ആര്. ഗിരിജ, സിഎസ്എംഎല്‍ സിഇഒ അരുണ്‍ എന്‍. നായര്‍, കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് സിഎംഡി വി.ജെ. ജോസ്, കൊച്ചി രൂപത ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ത്രീ സൗജന്യ യാത്ര തുടങ്ങി; ആദ്യ ടിക്കറ്റ് മേയര്‍ക്ക്
കൊച്ചി: വൈപ്പിന്‍-ഫോര്‍ട്ട്കൊച്ചി റോ-റോ സര്‍വീസില്‍ കൊച്ചി കോര്പറേഷന് പ്രഖ്യാപിച്ച സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ പദ്ധതി തുടങ്ങി. ഇന്നലെ പുതിയ റോ റോയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് സ്ത്രീ സൗജന്യ യാത്രയുടെ പ്രഖ്യാപനം നടത്തി. ആദ്യ സീറോ ടിക്കറ്റ് മുഖ്യമന്ത്രി മേയര്‍ വി.കെ. മിനിമോള്‍ക്ക് നല്കി.
കാല്‍നടയാത്രക്കാരായ വനിതകള്‍ക്കാണ് സൗജന്യ യാത്രാ അനുവദിക്കുന്നത്. വാഹനത്തിലെത്തുന്നവര്‍ക്ക് വാഹനത്തിന് നിശ്ചയിച്ചിട്ടുള്ള നിരക്ക് നല്‍കണം. ഭാവിയില്‍ എല്ലാ കാല്‍നട യാത്രക്കാര്‍ക്കും റോ-റോയില്‍ സൗജന്യ യാത്രാ ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam