കാഞ്ഞിരപ്പള്ളി: പുതിയ സിനിമാ തിയേറ്റര്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിൽ കാഞ്ഞിരപ്പള്ളിയിലെ സിനിമാ പ്രേമികള്‍. കുരിശുങ്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാന്‍ഡ് ഓപ്പേറ തിയേറ്റര്‍ കെട്ടിടത്തിലാണ് കണ്ണൂര്‍ ആസ്ഥാനമായുള്ള എസ്ജെ ഗ്രൂപ്പ് മൂന്ന് തിയേറ്ററുകള്‍ സജ്ജമാക്കുന്നത്. പുതിയ തിയേറ്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ കുടുംബങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും ദൂരയാത്രയില്ലാതെ മികച്ച സിനിമാ അനുഭവം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്.
4കെ ദൃശ്യ സാങ്കേതികവിദ്യയും ഡോള്‍ബി അറ്റ്മോസ് ശബ്ദസംവിധാനവും ഉള്‍പ്പെടെയുള്ള ആധുനിക തിയേറ്ററുകളാണ് സജ്ജമാക്കുന്നത്. മൂന്നു തിയേറ്ററുകളിലുമായി 750 സീറ്റുകളുണ്ടാകും. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ വെഞ്ചരിപ്പുകര്‍മം നടത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിസംബര്‍ മാസത്തോടെ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സിനിമ കാണാന്‍ പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രദേശവാസികള്‍ പോയിരുന്നത്.