ബലക്ഷയമുള്ള കനാൽ പാലവും തകര്‍ന്ന റോഡും.
അടൂര്‍: പാലത്തിന്റെ അപകടാവസ്ഥ കണ്ടെത്തിയിട്ടു നാളുകളായിട്ടും പരിഹാരം കാണാന്‍ നടപടികളില്ല. പ്ലാന്റേഷന് ജംഗ്ഷന് തേപ്പുപാറ റോഡിലെ കനാല്‍ പാലമാണ് അപകടാവസ്ഥയിലുള്ളത്. പാലത്തിനോടുചേര്‍ന്ന് റോഡിന്റെ കുറച്ച് ഭാഗവും തകര്‍ന്ന് വലിയ അപകടാവസ്ഥയില്‍ കിടക്കുകയാണ്. പാറയും മണ്ണും ഉള്‍പ്പടെയുള്ള ലോഡുകള്‍ കയറ്റിയ ലോറികള്‍ ദിവസവും പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. ഭാരവാഹനം സ്ഥിരമായി കടന്നുപോകുന്നതിനാല്‍ പാലത്തിന്റെ അപകടാവസ്ഥ ഇനിയും ഏറാനാണ് സാധ്യത.
കഴിഞ്ഞ വര്‍ഷം പാലത്തിന്റെ അപകടാവസ്ഥയെ സംബന്ധിച്ചു പൊതുമരാമത്തിനു ലഭിച്ച പരാതിയില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ പാലത്തിന്റെ ശോചനീയാവസ്ഥ പൊതുമരാമത്തും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.
2022ല്‍ ഈ പാലം പുതുക്കി പണിയാന്‍ കരാറായതാണ്. എന്നാല്‍, അതും നടന്നില്ല. പാലത്തിലെ അപകടകരമായ കുഴികള്‍ അടയ്ക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ തേപ്പുപാറ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കയറുന്നിടം വലിയ രീതിയില്‍ തകര്‍ന്നു കിടക്കുകയാണ്. വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ വലിയ സാധ്യതയാണിവിടെ. കെഐപി കനാലുകളുടെ നവീകരണത്തിന് പത്ത് കോടി രൂപ വകയിരിത്തിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ ഈ പാലത്തിന്റെ പണി ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags : Nattuvishesham Districtnews Deepikanews despite its dangerous condition.