പാലാ: വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ കര്‍ശന നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു മാത്രമേ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലാ, കടുത്തുരുത്തി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ജോസ് കെ. മാണി, നിർമല ജിമ്മി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം പാലായിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
എംപി എന്ന നിലയില്‍ നാടിന്റെ വികസനത്തിനായും എല്‍ഡിഎഫ് നേതാവ് എന്ന നിലയില്‍ കേരളത്തിനു പൊതുവേയും ഗുണകരമായ സമീപനം സ്വീകരിച്ച രാഷ്ട്രീയ നേതാവാണ് ജോസ് കെ. മാണിയെന്നും പ്രതിസന്ധി ഘട്ടത്തില്‍ എല്‍ഡിഎഫിനൊപ്പം പാറപോലെ ഉറച്ചുനിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എം. മാണിയുടെ ഓര്‍മദിനത്തിലാണ് തെരഞ്ഞെടുപ്പെന്നതും പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥികളായ വി.എന്‍. വാസവന്, ജോസ് കെ. മാണി, നിര്‍മല ജിമ്മി, നേതാക്കളായ ബാബു കെ. ജോര്‍ജ്, വി.കെ. സന്തോഷ് കുമാര്‍, കെ.ജെ. തോമസ്, പ്രഫ. ലോപ്പസ് മാത്യു, ബിനോയി ജോസഫ്, ബെന്നി മൈലാടൂര്‍, സജേഷ് ശശി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.സ്ഥാനാര്‍ഥികളോടൊപ്പം മുഖ്യമന്ത്രി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
പാലാ തിരിച്ചുപിടിക്കും: ജോസ് കെ. മാണി
പാലാ: പാലാ തിരിച്ചുപിടിക്കുമെന്നും അത് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ ജനസാഗരമെന്നും ജോസ് കെ. മാണി. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രകാശം പകരുന്നതാണ് പാലാ. ആ പ്രകാശത്തെ തല്ലിക്കെടുത്തിയ ഏഴു വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. നമുക്ക് നഷ്ടപ്പെട്ടത് കുതിച്ചു മുന്നേറാനുള്ള കാലഘട്ടമാണ്. വികസനം തകര്‍ത്തവര്‍ക്ക് ജനം മാപ്പു നല്‍കില്ല. ഈ തെരഞ്ഞെടുപ്പോടെ പാലായുടെ വികസന മുന്നേറ്റത്തിന് പുതിയ യുഗം തുറക്കുകയാണെന്നും പാലായെ സുവര്‍ണ കാലഘട്ടത്തില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : nattu vishesham No surrender against casteism