കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ ജനറൽ ഒപി വിഭാഗത്തിനു മുന്നിലെ തിരക്ക്.
കാഞ്ഞങ്ങാട്: ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലായി ആകെ 342 ഡോക്ടർമാരുടെ സ്ഥിരം തസ്തികയാണ് ഉള്ളത്. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഇപ്പോൾ ജോലിചെയ്യുന്നത് 170 ഡോക്ടർമാർ മാത്രം. ആകെ ആവശ്യമുള്ളതിന്റെ പകുതിയിൽ താഴെ. ജില്ലയിലെ എട്ട് കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒരു സ്ഥിരം ഡോക്ടർ പോലുമില്ല.
മഴക്കാലത്തെ പതിവു രോഗങ്ങൾക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും ഷിഗെല്ലയുമെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയമാണ്. ജില്ലാ ആശുപത്രി തൊട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വരെ ഒപി വിഭാഗത്തിൽ തിരക്കൊഴിഞ്ഞ നേരമില്ല. രോഗത്തളർച്ചയ്ക്കിടയിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുമ്പോൾ പലരും അവശരായിപ്പോകുന്നുണ്ട്. ഓൺലൈനായി ടോക്കണെടുത്താലും കാത്തിരിപ്പിന് വലിയ മാറ്റമില്ല. ഇനിയും കാത്തിരിക്കാനാവാതെ സ്വകാര്യ ആശുപത്രികൾ തേടി പോകുന്നവരും ഏറെയാണ്. രോഗികൾക്കൊപ്പം ഡോക്ടർമാരും തിരക്കുകൊണ്ട് വീർപ്പുമുട്ടുകയാണ്.
ഓരോ ദിവസവും 1500 ലധികം രോഗികളെത്തുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 51 സ്ഥിരം ഡോക്ടർമാരുടെ തസ്തികയാണ് ഉള്ളത്. ഇപ്പോൾ ആകെയുള്ളത് 27 ഡോക്ടർമാർ മാത്രം. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ ആറു തസ്തികകളുള്ളതിൽ ഇപ്പോഴുള്ളത് ഒരാൾ മാത്രം. സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ പലതും ഒഴിഞ്ഞുകിടക്കുന്നു.
മെഡിക്കൽ കോളജിന്റെ ടീച്ചിംഗ് ആശുപത്രിയായി ഉയർത്തിയ കാസർഗോഡ് ജനറൽ ആശുപത്രിയിൽ 49 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 26 പേർ മാത്രം. താലൂക്ക് ആശുപത്രികളിൽ മിക്കതിലും ഡോക്ടർമാരുടെ കുറവു മൂലം ഒപി സേവനം വെട്ടിക്കുറയ്ക്കേണ്ടിവരുന്ന അവസ്ഥയാണ്.
നർക്കിലക്കാട്, പാണത്തൂർ, കരിന്തളം, ദേലമ്പാടി, മുള്ളേരിയ, പെർള, പുത്തിഗെ, വാണിനഗർ എന്നിങ്ങനെ എട്ട് കുടുംബാരോഗ്യകേന്ദ്രങ്ങളിലാണ് ഒരൊറ്റ സ്ഥിരം ഡോക്ടർ പോലും ഇല്ലാത്തത്. മറ്റിടങ്ങളിലും എൻഎച്ച്എം പദ്ധതിയിലോ തദ്ദേശസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലോ നിയമിച്ച താത്കാലിക ഡോക്ടർമാരെക്കൊണ്ടാണ് ഒപി വിഭാഗത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നിട്ടും പലയിടങ്ങളിലും ഒപി സമയം വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ ജോലിചെയ്യാൻ തയ്യാറാകുന്ന സർക്കാർ ഡോക്ടർമാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഭരണം മാറിയതോടെ ആ പദ്ധതി നിലച്ചുപോയി. വീണ്ടും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ ആ പദ്ധതി പുനരുജ്ജീവിപ്പിക്കാനെങ്കിലും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരും ഡോക്ടർമാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
അങ്ങനെയായാൽ ജില്ലയിൽ ജോലിചെയ്യാനെത്തുന്ന ഡോക്ടർമാരുടെ എണ്ണത്തിൽ നേരിയ വർധനവെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം ഒഴിവുള്ള ഇടങ്ങളിൽ താത്കാലിക ഡോക്ടർമാരെ നിയോഗിക്കുന്നതുൾപ്പെടെ ജില്ലയുടെ ആരോഗ്യരംഗത്തെ കൈപിടിച്ചുയർത്താൻ ഒരു പ്രത്യേക പാക്കേജ് കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നാണ് ആവശ്യം.