പ്രതീകാത്മക ചിത്രം
കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം മേള ഇന്നു മുതല്‍ ഓഗസ്റ്റ് 25 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വൈവിധ്യമാര്‍ന്ന ഖാദി തുണിത്തരങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കോട്ടണ്‍ കുര്‍ത്തികള്‍, നാടന്‍ പഞ്ഞി മെത്തകള്‍, സില്‍ക്ക്-കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റുകള്‍ എന്നിവയും ഗ്രാമവ്യവസായ ഉത്പന്നങ്ങളായ തേന്‍, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, സ്റ്റാര്‍ച്ച് തുടങ്ങിയവയും മേളയില്‍ ലഭ്യമാകും. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനംവരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.
ഓരോ 1,000 രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും. ടാറ്റാ ടിയാഗോ കാര്‍ ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം സുസുക്കി അക്സസ് 125 സ്കൂട്ടര്‍, മൂന്നാം സമ്മാനം 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍. ഇതിനുപുറമേ എല്ലാ ആഴ്ചയും നടക്കുന്ന ജില്ലാതല നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിക്കും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, ബാങ്ക്, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ കെജിഎസ് സിഎസ്ഐ കോംപ്ലക്സ്, ചങ്ങനാശേരി റവന്യു ടവര്‍, ഏറ്റുമാനൂര്‍ ഏദന്‍ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം കാർമല്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഉദയനാപുരം മസ്ലിന് യൂണിറ്റ് ബില്‍ഡിംഗ്, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്സ് എന്നീ ഖാദി ഗ്രാമ സൗഭാഗ്യകളില്‍ റിബേറ്റ് ലഭ്യമാണ്.