പത്തനംതിട്ട നഗരത്തിലെ ചിപ്സ് സെന്ററിൽ നിന്നുള്ള ദൃശ്യം.
പത്തനംതിട്ട: ഓണത്തിരക്കിൽ വിപണിയിൽ വില്പനയേറുന്നത് ഏത്തക്കുലയ്ക്കും ഉപ്പേരിക്കും. നാടൻ ഏത്തക്കുലകൾ തേടി കൂടുതൽ ആളുകൾ എത്തിയതോടെ വില കിലോഗ്രാമിന് 100 രൂപയ്ക്കു മുകളിലായി. 80 മുതൽ 120 രൂപവരെയാണ് വിപണിയിൽ ഏത്തക്കായ വില. നാടൻ ഏത്തക്കായയ്ക്ക് 120 രൂപ വരെ വില ഉണ്ട്. ഉപ്പേരി ആവശ്യത്തിന് ഏത്തക്കുലയ്ക്കു ഡിമാൻഡേറിയതോടെയാണ് വില വർധിച്ചത്. നാടൻ ഏത്തക്കുലകൾക്ക് വിപണിയിൽ ക്ഷാമമുണ്ട്. കൃഷിയിടങ്ങളിൽ കർഷകർക്ക് ശരാശരി ലഭിക്കുന്നത് കിലോഗ്രാമിന് 60 രൂപയാണെങ്കിലും വിപണിയിലെത്തുന്പോഴേക്കും വില ഇരട്ടിയോളമാകുന്നുവെന്നതാണ് പ്രത്യേകത.
നാടൻ കുലകൾക്ക് പ്രിയമേറുന്ന കാലഘട്ടത്തിൽ വില ഉയരാറുണ്ടെങ്കിലും കർഷകർക്കു കാര്യമായ പ്രയോജനമുണ്ടാകുന്നില്ല. വയനാടൻ, തമിഴ്നാട് കുലകൾ വിപണിയിലെത്തുന്പോൾ മുൻകാലങ്ങളിൽ നാടൻ ഏത്തക്കുലയുടെ വില പിടിച്ചു നിർത്തിയിരുന്നു. എന്നാൽ ഇത്തവണ വയനാടൻ കുലകൾ വിപണിയിലേക്ക് എത്തിയിട്ടില്ല. വെജിറ്റബിൾ ഫ്രൂട്ട്സ് ആൻഡ് പ്രമോഷൻ കൗൺസിലിന്റെ ഓണച്ചന്തകളിലും നാടൻ ഏത്തക്കുലകളുടെ വരവ് കുറവാണ്. വിഎഫ്പിസികെയുടെ ഓണച്ചന്തകളിൽ സബ്സിഡി നിരക്കിൽ ഏത്തക്കുലകൾ സംഭരിച്ച് വില്പന നടത്തുന്നുണ്ട്.
വകയാർ വിപണിയിൽ വൻ തിരക്ക്
മലയോര ഗ്രാമങ്ങളായ കോന്നി, പ്രമാടം, അരുവാപ്പുലം ഗ്രാമങ്ങളുടെ കർഷിക പാരമ്പര്യത്തെ ഒട്ടും തനിമ ചോരാതെ നിലനിർത്തുന്ന വകയാർ വിപണി ഓണക്കാലമായതോടെ ഏത്തക്കുല വ്യാപാരത്തിൽ ശ്രദ്ധേയമായി.
കാർഷിക പാരമ്പര്യം ഏറെയുണ്ടെങ്കിലും ഏത്തവാഴകൃഷിയിലൂടെ വകയാറിനുള്ള പ്രശസ്തി ഏറെയാണ്. പത്തനംതിട്ട ജില്ലയ്ക്കും മധ്യതിരുവിതാംകൂറിനും ഓണമുണ്ണാനുള്ള ഏത്തക്കുലകൾക്കും, മറ്റിനും വാഴക്കുലകൾക്കും ഇതര കാർഷികോത്പന്നങ്ങൾക്കും വകയാർ കാർഷിക വിപണിയെയാണ് വ്യാപാരികളും ആശ്രയിക്കുന്നത്:
ഇടനിലക്കാരുടെ ചുഷണമൊഴിവാക്കി കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 21 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ് വകയാർ കാർഷിക വിപണി.
പ്രമാടം പഞ്ചായത്തിലെ വകയാറിൽ പ്രവർത്തിക്കുന്ന വിപണിയിൽ 600ൽ പരം കർഷകർ സ്ഥിര അംഗങ്ങളായും 600 ഓളം കർഷകർ താത്കാലിക അംഗങ്ങളുമുണ്ട്. മലയോര ഗ്രാമങ്ങളിലെ കൃഷി ഏറെ പ്രതിസന്ധികളെ നേരിടുമ്പോഴും സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കാർഷിക വിപണിയാണ് വകയാറിലേതെന്ന് വിപണി പ്രസിഡന്റ് ഇസ്മായിൽ റാവുത്തർ പറഞ്ഞു.
കഴിഞ്ഞ വർഷം 4.5 കോടി രൂപയുടെ വിറ്റുവരവാണ് വകയാർ വിപണിയിൽ ഉണ്ടായത്രളയം ഏറെ കൃഷി നാശം വരുത്തിയെങ്കിലും ഇക്കൊല്ലം അഞ്ചുകോടിയിൽ പരം രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
ഉപ്പേരി വില 500 ലേക്ക്
ഏത്തക്കായയുടെയും വെളിച്ചെണ്ണയുടെയും വിലയിൽ ക്രമാതീതമായ വർധനയുണ്ടായതോടെയാണ് ഓണവിഭവങ്ങളായ ഉപ്പേരിയുടെയും ശർക്കര പുരട്ടിയുടെയും വിലയും ഉയർന്നു. ഉപ്പേരിക്ക് കിലോഗ്രാമിന് 460 - 500 രൂപ നിരക്കിലാണ് വില്പന. ശർക്കര പുരട്ടിക്ക് 430 - 480 രൂപയ്ക്ക് വില്പന നടക്കുന്നു. ഓണക്കാലത്ത് ഉപ്പേരിയു ശർക്കര പുരട്ടിയും ഒഴിവാക്കാനാകാത്തതിനാൽ ഉയർന്ന വില നൽകിയും ഉപഭോക്താക്കൾ ഇവ വാങ്ങുമെന്ന് വ്യാപാരികൾക്കും അറിയാം.
ഉപ്പേരി മാത്രമായി വില്പന നടത്താനായി ചിപ്സ് സെന്ററുകൾ സജീവമാണ്. വില്പനയിൽ മത്സരം ഏറിയതോടെ പലരും കിലോഗ്രാം നിരക്കിൽ 10 - 15 രൂപയുടെ കുറവ് വരുത്തിയാണ് വിൽക്കുന്നത്. മൊത്തവിലയിൽ നൽകുന്പോൾ വീണ്ടും കുറവുകൾ പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Tags : Nattuvishesham District News Onam market Demand is high