പിണ്ടിമന കൃഷിഭവന്റെ ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: കോതമംഗലം ബ്ലോക്കിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ 10 പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും ഓണച്ചന്തകൾ ആരംഭിച്ചു. 25 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. വിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ വിറ്റഴിക്കുകയും 10 ശതമാനം ഉയർന്ന നിരക്കിൽ നാടൻ ഉൽപന്നങ്ങൾ കർഷകരിൽ നിന്ന് സംഭരിക്കുകയും ചെയ്താണ് കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ പ്രവർത്തിക്കുന്നത്.
ഏകദേശം അഞ്ച് ടൺ പച്ചക്കറികൾ ഹോർട്ടിക്കോർപ്പിൽ നിന്ന് സംഭരിച്ച് വിപണനത്തിനായി എത്തിയിട്ടുണ്ട്. പ്രാദേശികമായി കർഷകരിൽ നിന്ന് വാഴക്കുലകൾ, ചേന, നാടൻ പച്ചക്കറികൾ എന്നിവയും സംഭരിച്ച് വിപണനം നടത്തുന്നുണ്ട്. ഇത്തവണത്തെ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ പൂർണമായും കമ്പ്യൂട്ടർവൽകരിച്ച് ഓൺലൈൻ പേമെന്റ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
പിണ്ടിമന കൃഷിഭവന്റെ ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു ഉദ്ഘാടനം ചെയ്തു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജോയ് ജോസഫ്, പഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews