പ്രതീകാത്മക ചിത്രം
കൊച്ചി: വിപണിയിലെ വിലക്കയറ്റം മൂലം ഇക്കുറി കേറ്റേഴ്സ് വഴിയുള്ള ഓണസദ്യയ്ക്ക് ചെലവേറും. പച്ചക്കറികളുടെയും പാചകവാതകത്തിന്റെയും വിലക്കയറ്റത്തിന് പുറമേ തേങ്ങ, വെളിച്ചെണ്ണ, പാലക്കാടന്‍ മട്ടയരി തുടങ്ങിയവയ്ക്കും വില വര്‍ധിച്ചതോടെയാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വില ഇത്തവണ വര്‍ധിച്ചത്.
കഴിഞ്ഞ ആഴ്ച മുതല്‍ ആരംഭിച്ച ബുക്കിംഗ് അത്തം തുടങ്ങിയതോടെ പലരും ക്ലോസ് ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിലധികം വര്‍ധനയാണ് ബുക്കിംഗില്‍ ഇത്തവണ ഉണ്ടായിട്ടുള്ളത്.
കേറ്റേഴ്സ് വഴിയുള്ള സദ്യ ഓര്‍ഡറുകളില്‍ 80 ശതമാനവും തിരുവോണ ദിവസത്തേക്കുള്ളതാണ്. കുറഞ്ഞത് അഞ്ചു പേരുടെ സദ്യകളാണ് മുന്‍കൂട്ടി സ്വീകരിച്ചത്. അഞ്ചു പേര്‍ക്ക് ശരാശരി 2400-3000 രൂപയാണ് നിരക്ക്.
ഹോട്ടലുകളില്‍ കുറഞ്ഞത് ഒരാള്‍ക്ക് 250ന് മുകളിലേക്കാണ് നിരക്ക്. വിഭവങ്ങളുടെ എണ്ണത്തിനനുസരിച്ച് വിലയില്‍ വ്യത്യാസം വരുമെന്ന് കേറ്ററേഴ്സ് അസോസിയേഷന് വ്യക്തമാക്കി. പായ്ക്ക് ചെയ്തു നല്‍കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ പലരും ചെറിയ ഓര്‍ഡറുകള്‍ എടുക്കുന്നില്ല. ഇലയടക്കം പ്രത്യേകം ബോക്സിലാണ് സദ്യ എത്തുക. വലിയ ഹോട്ടലുകളില്‍ വില ഇതിലും കൂടും. 800 രൂപ മുതലാണ് വില. വലിയ നക്ഷത്ര ഹോട്ടലുകളില്‍ നികുതി ഉള്‍പ്പെടെ ഇത് 2,600 രൂപയോളം വരും.
വന്‍കിട ഹോട്ടലുകളില്‍ തിരുവോണ ദിവസത്തേക്കുള്ള സദ്യയുടെ ബുക്കിംഗ് ഉയര്‍ന്നിട്ടുണ്ട്. 25 പേര്‍ക്ക് മുകളിലേക്കുള്ള വലിയ ഓര്‍ഡറുകളിലും ഇത്തവണ കുതിപ്പ് ഉണ്ടായിട്ടുണ്ട്. 315 രൂപയാണ് സദ്യ ഒന്നിന്റെ വില.
ഓണം കഴിഞ്ഞും ഓണസദ്യ
ഓണത്തിരക്ക് കഴിഞ്ഞാലും സെപ്റ്റംബര്‍ പകുതി വരെ ഓണ സദ്യക്ക് ഓര്‍ഡറുകള്‍ ഉള്ളതായി തൃപ്പൂണിത്തുറയിലെ വിജയലക്ഷ്മി കേറ്റേഴ്സ് ഉടമ മനോജ് നാറാണത്ത് പറഞ്ഞു. ഇവയുടെ ബുക്കിംഗുകളും ക്ലോസ് ചെയ്തു. ഫ്ളാറ്റുകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ തിരുവോണത്തിന് ശേഷം ഓണാഘോഷം സംഘടിപ്പിക്കുന്നതിനാലാണിത്.
ഇല വില മേലോട്ട്
സദ്യ ബുക്കിംഗ് ഉയരുന്നതോടെ ഇത്തവണ കേരളത്തിലേക്കുള്ള ഇലവരവ് കൂടിയിട്ടുണ്ട്. അത്തം എത്തിയപ്പോള്‍ ഒരു തൂശനിലയുടെ വില ആറ് രൂപയില്‍ എത്തി. തിരുവോണമാകുമ്പോള്‍ ഇതു 10 രൂപയ്ക്ക് മുകളില്‍ എത്തുമെന്ന് വ്യാപാരികള്‍ പറയുന്നു.
ഇല എത്തുന്നത് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം എന്നിവിടങ്ങളില്‍നിന്നാണ് വാഴയിലകള്‍ മുമ്പ് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നും ഇലയെത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഇലയുടെ വരവ് ഇത്തവണ കുറഞ്ഞിട്ടുണ്ട്. കനത്ത മഴയില്‍ വാഴക്കൃഷി നശിച്ചതാണ് കാരണം. കേരളത്തില്‍ പ്രധാനമായും പെരുമ്പാവൂര്‍, പിറവം, തിരുവാണിയൂര്‍ മേഖലയില്‍നിന്നാണ് വാഴയില എത്തുന്നത്.
Tags : Onam Sadya NattuVishasham DistrictNews