മീൻകടയിൽ ഉദ്യോഗസ്ഥർപരിശോധന നടത്തുന്നു
ചെങ്ങന്നൂർ: ഓണത്തിന് മുന്നോടിയായി പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചെങ്ങന്നൂർ നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും തട്ടുകടകളിലും വ്യാപക പരിശോധന. നഗരസഭാ ആരോഗ്യ വിഭാഗം, ജില്ലാ ആശുപത്രി പൊതുജനാരോഗ്യ വിഭാഗം, ഭക്ഷ്യ
സുരക്ഷാ വകുപ്പ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
ഭക്ഷണത്തിന്റെ ഗുണനിലവാരം, പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ ചുറ്റുപാടുകൾ, സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും വ്യക്തിശുചിത്വം എന്നിവ സംഘം കർശനമായി വിലയിരുത്തി. പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരേ പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.
*നടപടി നേരിട്ട സ്ഥാപനങ്ങൾ: അങ്ങാടിക്കൽ തെക്ക് പ്രിയ ഹോട്ടൽ, ലിജി ഹോട്ടൽ, എം.സി. മിനി മാർട്ട്, എവിൻസ് മാർട്ട്, സ്മോക്കി ഷാക്ക് , പ്രകാശ് ചിക്കൻ 65 ഹോട്ടൽ. നഗരസഭാ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി. മനോജ്, ജില്ലാ ആശുപത്രി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.എസ്. മഹാദേവ്, ഭക്ഷ്യസുരക്ഷാ ഓഫീസർ ആർ. ശരണ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓണം പ്രമാണിച്ച് വരും ദിവസങ്ങളിലും നഗരസഭാ പരിധിയിൽ കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഓണവിപണി: 22 കേന്ദ്രങ്ങളിൽ പരിശോധന
ആലപ്പുഴ: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനാ സംഘം അമ്പലപ്പുഴ താലൂക്കിലെ വിവിധയിടങ്ങളിലായി 22 പരിശോധനകൾ നടത്തി. പരിശോധനയിൽ 10 പലചരക്ക് കടകൾ, എട്ട് പച്ചക്കറി കടകൾ, രണ്ട് ബേക്കറികൾ, ഒരു ഹോട്ടൽ, ഒരു മീൻ കട എന്നിങ്ങളിലാണ് പരിശോധന നടത്തിത്. പരിശോധനകളിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത 13 പൊതുവിപണി കേന്ദ്രങ്ങൾക്കും ലൈസൻസ് പരിശോധനയ്ക്ക് ഹാജരാക്കാത്ത ഒരു പൊതുവിപണി കേന്ദ്രത്തിനെതിനുമെതിരേ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം.ആർ. മനോജ് കുമാർ അറിയിച്ചു.
കച്ചവടക്കാർ അമിതവില ഈടാക്കരുതെന്നും കൃത്യമായ വിലവിവരം പ്രദർശിപ്പിക്കണമെന്നും വരുംദിവസങ്ങളിൽ ജില്ലയിലെ മറ്റു താലൂക്കുകളിലും സംയുക്ത സ്ക്വാഡ് പരിശോധന തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ വൈ.ജെ. സുബിമോൾ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ. വിനോദ് കുമാർ, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ ആർ. സേതുലക്ഷ്മി, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ. രതീഷ്, കെ.ജി. ശാന്ത, ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ ചിത്ര മേരി തോമസ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടിംഗ് അസിസ്റ്റന്റുമാരായ ഡി. പ്രസാദ്, എ.എക്സ്. ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags : Joint Inspection NattuVishasham DistrictNews