ഒരാളെ നേരത്തെ അറസ്റ്റുചെയ്തു
കാട്ടാക്കട: സ്വകാര്യ ധനകാര്യസ്ഥാപന മാനേജരെ കാറിൽ കടത്തിക്കൊണ്ടുപോയശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിലെന്നു സൂചന. കേസിൽ നേരത്തെ ഒരാളെ പിടികൂടിയിരുന്നു.
കുറ്റിച്ചൽ സ്വദേശി രാജേഷ് (45) ആണ് പിടിയിലായത്. സംഭവത്തിൽ നാലുപേർക്കെതിരേ കേസെടുത്തു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാപ്പിക്കാട് സിഎസ്ഐ ചർച്ചിനടുത്ത് ഉപേക്ഷിച്ചനിലയിൽ പിന്നീട് പോലീസ് കണ്ടെത്തി.
കണ്ടല ജി.എസ്. ഭവനിൽ ഗിരീഷിനെ(34)യാണ് വ്യാഴാഴ്ച വൈകുന്നേരം ആറോടെ പൂവച്ചലിൽനിന്നു നാട്ടുകാർ നോക്കിനിൽക്കേ രാജേഷ് ഉൾപ്പെടുന്ന സംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്നു മർദിച്ച് അവശനാക്കിയശേഷം ഒരു ബൈക്കിൽ കയറ്റി തിരിച്ച് പൂവച്ചൽ പാറമുകളിൽ ഇറക്കിവിടുകയായിരുന്നു. പോലീസ് തെരച്ചിൽ നടത്തവേ ഗിരീഷ് രാത്രി എട്ടോടെ കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തി മൊഴിനൽകുകയായിരുന്നു.
കാട്ടാക്കട ഡിവൈഎസ് പി ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സുഭാഷ്, എസ്ഐ മനോജ് എന്നിവർ ചേർന്ന് പ്രതികൾക്കായി ഊർജിത അന്വേഷ ണം നടത്തി.