പ്രതീകാത്മക ചിത്രം
കാസര്‍ഗോഡ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയായ ഓപ്പറേഷന് സൈ-ഹണ്ട് 4.0 ല്‍ വ്യാപക നടപടികള്‍. ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷന് പരിധികളിലായി നടത്തിയ പരിശോധനയില്‍ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടുപേര്‍ അറസ്റ്റിലായി. ഫോണുകളും ലാപ്ടോപ്പുകളും അടക്കം 18 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം നടത്തുന്ന അക്കൗണ്ടുകളും പണം പിന്‍വലിച്ചവര്‍ ഇതിന്റെ ഒക്കെ ഇടനിലക്കാരെയും മറ്റും കേന്ദ്രികരിച്ചാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ പ്രവര്തതങ്ങളില് ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. പണത്തിനു വേണ്ടി വിദ്യാര്‍ഥികള്‍ അക്കൗണ്ടുകള്‍ ഇത്തരം തട്ടിപ്പുകാര്‍ക്ക് കൈമാറുന്നത് വര്‍ധിച്ചുവരുന്നുണ്ട്. രക്ഷിതാക്കള്‍ ഇതുവളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്.
ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജിന്റെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡ് അഡീഷണൽ എസ്പിയുടെ ചുമതലയുള്ള ഡിവൈഎസ്പി ടി. ഉത്തംദാസ്, സബ് ഡിവിഷണല്‍ ഓഫിസര്‍മാരായ അച്യുത് അശോക് (കാസര്‍ഗോഡ്), കെ. വിനോദ്കുമാര്‍ (ബേക്കല്‍), എം.വി. അനില്‍കുമാര്‍ (കാഞ്ഞങ്ങാട്) , സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ രാജീവന്, എസ്ഐ ഷിനു, ജില്ലാ സൈബര്‍ സെല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘനങ്ങള്‍ രൂപീകരിച്ചു. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.
Tags : NattuVishasham DistrictNews