ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ 13 ദിവസം റൂറൽ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ അറുപതോളം മയക്കുമരുന്ന് കേസുകളിലായി 73 പേരെ അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ ജില്ലയിൽ 60 കിലോഗ്രാം കഞ്ചാവ്, 780 ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം എംഡിഎംഎയും എന്നിവയും പിടികൂടി.
ഈ മാസം ഒന്നാം തീയതി മുതലുള്ള കണക്കാണിത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. 34 കിലോഗ്രാം കഞ്ചാവ് കുന്നുവഴിയിൽ നിന്ന് പിടികൂടിയതാണ് ഓപ്പറേഷൻ തൂഫാനിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട.
ഒഡീഷയിൽ നിന്ന് വാങ്ങി ട്രെയിനിൽ ആലുവയിൽ ഇറങ്ങി ഓട്ടോയിൽ പോകുന്ന വഴിയാണ് പ്രതികൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പശ്ചിമബംഗാൾ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.
ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന 12 കിലോ കഞ്ചാവ് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ പോലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ പട്ടണത്തിൽ നടന്ന പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലും ഹെറോയിനും കണ്ടെടുത്തു. പരിശോധനയിൽ നാല് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു.
മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളായ യുവതികളെയും അറസ്റ്റ് ചെയ്തു. ഈ വർഷം ഇതുവരെ 400 കിലോയോളം കഞ്ചാവും 775 ഗ്രാമോളം എംഡിഎംഎയും 780 ഗ്രാം ഹാഷിഷ് ഓയിലും 680 ഗ്രാം ഹെറോയിനുമാണ് റൂറൽ ജില്ലയിൽ പിടികൂടിയിട്ടുള്ളത്.
Tags : Local News Nattuvishesham Ernakulam