പിടികൂടിയ 16 കിലോ കഞ്ചാവ്.
കായംകുളം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ഓച്ചിറ പ്രയാർ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് 16 കിലോ കഞ്ചാവുമായി ഓച്ചിറ പ്രയാർ ആലുംപീടിക മരുകിഴാത്ത് അനീഷ് എന്ന യുവാവ് പിടിയിലായത്. തൂഫാൻ ആരംഭിച്ചതിനുശേഷം ജില്ലയിൽ മയക്ക് മരുന്ന് വൻതോതിൽ പിടികൂടുന്നത് ആദ്യമായാണ്.
ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രതാപിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളാണ് ജില്ലയിലുടനീളം നടന്നുവരുന്നത്. കഴിഞ്ഞ മാസം കൃഷ്ണപുരം ജംഗ്ഷനിൽ ഒരു കുടുംബത്തെ ആക്രമിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളുവെന്ന് പോലീസ് പറഞ്ഞു .
ജുവനൈൽ ആയിരുന്ന സമയം റെയിൽവേ ട്രാക്കിലുടെ ബൈക്ക് ഓടിച്ചതിനും ഇയാൾക്കെതിരേ കേസുണ്ട്. ഓണവിപണി ലക്ഷ്യമാക്കി ശേഖരിച്ച് വയ്ക്കാൻ കൊണ്ടുവന്ന കഞ്ചാവാണിതെന്ന് പോലീസ് പറഞ്ഞു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
സിഐ അരുൺഷാ, എസ്ഐ വിനിൽ കുമാർ, എഎസ്ഐമാരായ ലിമു മാത്യു, അനിൽ, ഷിബു ശ്രീകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജില്ലയിൽ പരിശോധനകൾ ശക്തമാക്കുമെന്നും ലഹരി വിൽപ്പനക്കാരെയും അവരുടെ സംഘങ്ങൾക്കും എതിരേ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Operation Toofan