കൊല്ലം : തൂഫാന്-ദി നാര്‍ക്കോ ഹണ്ട് ലഹരിവിരുദ്ധ കര്‍മ പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ സംഘടിപ്പിക്കുന്ന ഒരു മാസത്തെ ലഹരിവിരുദ്ധ ബോധവത്്കരണ പരിപാടിക്ക് ഔദ്യോഗിക തുടക്കമായി.
പരവൂര്‍, ഭൂതക്കുളം ഗവണ്‍മെന്റ്് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഹേമലത ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പൊതുജനങ്ങളുടെ സജീവ സഹകരണം അനിവാര്യമാണെന്നും, ലഹരിവസ്തു വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അഡീഷണല്‍ എസ്പി ജെ.കെ. ദിനില്‍ അധ്യക്ഷത വഹിച്ചു.
ചാത്തന്നൂര്‍ എസിപി ആര്.എസ്. അനുരൂപ് സന്നിഹിതനായിരുന്നു. ചാത്തന്നൂര്‍ സബ് ഡിവിഷന് പരിധിയിലെ സ്കൂളുകള്‍, കോളേജുകള്‍, റസിഡന്റ്സ്് അസോസിയേഷനുകള്‍, വ്യാപാരി സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, യുവജന സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയില്‍ നാര്‍ക്കോട്ടിക് സെല്‍ എസിപി റോബര്‍ട്ട് ജോണി, ഭൂതക്കുളം ഗവണ്മെന്റ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജോണ്‍ ക്രിസ്റ്റഫര്‍, പിടിഎ പ്രസിഡന്റ് ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് കരുനാഗപ്പള്ളിയിലും നാളെ കൊല്ലം സബ് ഡിവിഷനിലും ബോധവത്കരണ കാമ്പയിനുകള്‍ക്ക് തുടക്കം കുറിക്കും.
Tags : Local News Nattuvishesham Kollam