കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലെ എആര്‍ടി (ആന്റി റെട്രോവൈറല്‍ തെറാപ്പി)പ്ലസ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ എആര്‍ടി മെഡിക്കല്‍ ഓഫീസറെ നിയമിക്കാനുള്ള അഭിമുഖം പ്രഹസനമാക്കിയതായി ആക്ഷേപം. അഭിമുഖം 18-നാണ് നടന്നത്.
അന്നു തന്നെയാണ് പത്രമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അറിയിപ്പ് നല്കിയതും. ഇതുമൂലം പലര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. നാഷണല്‍ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ ഗൈഡ് ലൈന്‍ പ്രകാരമല്ല അഭിമുഖം നടന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു. സീനിയര്‍ അഡ്മിനിസ്ടേറ്റീവ് ഓഫീസില്‍ വച്ചാണ് അഭിമുഖം നടന്നത്. എന്നാല്‍ ഓഫീസര്‍ പങ്കെടുത്തില്ല.
മെഡിസിന് വിഭാഗത്തിലെ ഒരു സീനിയര്‍ ഡോക്ടറും ഒരു ജൂണിയര്‍ ഡോക്ടറും കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രതിനിധിയും മാത്രമാണ്അഭിമുഖ പാനലില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ അഭിമുഖം നടത്തുകയും മാര്‍ക്കിടുകയും ചെയ്തുവെന്നാണ് ആക്ഷേപം. 12 പേരാണ് അഭിമുഖത്തിനായി എത്തിയത്.
പ്രിന്‍സിപ്പലോ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റിലെ എച്ച്ഐവി ടെസ്റ്റിംഗ് ആന്‍ഡ് കൗണ്‍സിലിംഗ് സെന്ററിലെ ചാര്‍ജ് ഓഫീസറോ ഇന്റര്ര്വ്യൂ ബോര്‍ഡില്‍ ഉണ്ടാകണമെന്നാണ് ചട്ടമെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അഭിമുഖത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Tags : Local News Nattuvishesham Kozhikode