മേരിനാമധാരി സംഗമത്തിന് എത്തിച്ചേർന്നവർ.
കുറവിലങ്ങാട്: മാതാവിന്റെ ജനനത്തിരുനാൾ ദിനത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രം അപൂർവ സംഗമത്തിന് വേദിയായി. രണ്ടായിരത്തിലേറെ മേരിമാരാണ് മാതാവിന്റെ തിരുനാൾ ദിനത്തിൽ പള്ളിയിൽ ഒത്തുചേർന്നത്. മറിയം, വിമല, അമല, നിർമല, മേരി എന്നിങ്ങനെ പേരുകാരായവർ ഒരുമിച്ചതോടെ തലമുറകളുടെ സംഗമമായി ഒത്തുചേരൽ മാറി.
കൈക്കുഞ്ഞുങ്ങൾ മുതൽ 90 പിന്നിട്ടവർ വരെ സംഗമത്തിലെത്തി. 21 കള്ളപ്പം വീതം മാതാവിന്റെ സന്നിധിയിൽ സമർപ്പിച്ചാണ് മേരിമാർ തിരുക്കർമങ്ങളിലും മേരിനാമധാരി സംഗമത്തിലും പങ്കെടുത്തത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സംഗമത്തിൽ പ്രത്യേക പ്രാർഥനാശുശ്രൂഷ നടത്തി.
ഇടവകയിലെ കത്തോലിക്ക കോൺഗ്രസ് യൂണിറ്റാണ് നോമ്പ് വീടൽ സദ്യക്രമീകരിച്ചത്. രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി, ഫൊറോന പ്രസിഡന്റ് ഡോ. നിധീഷ് മാത്യു നിധീരി, ഭാരവാഹികളായ ബിജു താന്നിക്കതറപ്പേൽ, ബ്രൈസ് വെള്ളാരംകാലായിൽ, റെജി പടിഞ്ഞാറേട്ട്, ജോയി ചേലേക്കണ്ടം തുടങ്ങിയവർ നേതൃത്വം നൽകി.
കടനാട് പള്ളിയില്‍ ആയിരങ്ങള്‍ക്ക് പിടിനേര്‍ച്ച വിളമ്പി
കടനാട്: സെന്റ് അഗസ്റ്റിന് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനോടനുബന്ധിച്ച് എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ ആയിരത്തോളം പേര്‍ക്ക് പിടി നേര്‍ച്ച വിളമ്പി. പിടിയും കോഴിയുമായിരുന്നു വിഭവം. ഫൊറോനയുടെ കീഴില്‍ ആദ്യമായാണ് പിടി നേര്‍ച്ച നടത്തുന്നതെന്ന് വികാരി ഫാ. ജോസഫ് പാനാമ്പുഴ പറഞ്ഞു. ഇടവകയിലെ വനിതകളടങ്ങിയ നൂറോളം പേര് ചേര്‍ന്നാണ് സദ്യ ഒരുക്കിയത്. വികാരി ഫാ. ജോസഫ് പാനാമ്പുഴ, സഹവികാരി ഫാ. ജോസഫ് ആട്ടങ്ങാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൈക്കാരന്മാരും കമ്മിറ്റിക്കാരും വിവിധ സംഘടന ഭാരവാഹികളും നേതൃത്വം നല്കി.