നേമം: മഴയത്ത് വെള്ളം കയറി വെള്ളായണി പുഞ്ചപ്പാടങ്ങളിലൊന്നായ നിലമക്കരിയില്‍ ഒന്നര ഏക്കര്‍ നെല്‍കൃഷി നശിച്ചു. ഓണത്തിനു വിളവെടുപ്പിനു പാകമായി തുടങ്ങിയ ശ്രേയ ഇനത്തില്‍പ്പെട്ട നെല്ലാണ് നശിച്ചത്.
രണ്ടു മാസം മുമ്പ് അഞ്ചുഹെക്ടർ സ്ഥലത്തു കൃഷി കൃഷിയിറക്കി പതിനഞ്ചോളം കര്‍ഷകരുടെ കൃഷി വെള്ളം കയറി നശിച്ചിരുന്നു. ഈ നാശം അതിജീവിച്ച നെല്ക്കരിരുകളാണ് ഇപ്പോള്‍ നശിച്ചത്. മഴയത്ത് കയറിയ വെള്ളം വറ്റിച്ചുകളയുന്ന പെട്ടിയും പറയും കേടായതാണ് കര്‍ഷകര്‍ക്കു വിനയായത്. ഇതു ശരിയാക്കാൻ മൈനര്‍ ഇറിഗേഷനു കര്‍ഷകര്‍ പലതവണ പരാതികള്‍ കൊടുത്തിരുന്നു.
പെട്ടിക്കും പറയ്ക്കും പുറമെ കൃഷിവകുപ്പു നല്കിയ രണ്ടു മോട്ടോറുകളിൽ ഒരെണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നു പാടശേഖര സമിതി പ്രസിഡന്റ് ബി.ആര്. ബിജു പറഞ്ഞു. വെള്ളം പാടത്ത് കെട്ടിനിന്നു നെല്‍ക്കതിരുകള്‍ അഴുകിത്തുടങ്ങി. പൂക്കൃഷിയോടൊപ്പമാണ് കര്‍ഷകര്‍ നെല്കൃഷിയുമിറക്കിയത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഇനി ഇന്ഷ്വറന്സിലാണ് പ്രതീക്ഷ.
എത്രയും പെട്ടെന്നു മൈനര്‍ ഇറിഗേഷന്‍ പെട്ടിയും പറയും ശരിയാക്കി നല്കിയാല് മാത്രമേ കര്‍ഷകര്‍ക്ക് അടുത്ത കൃഷിയിറിക്കാനാകൂ. പാടത്തുനിന്നു വെള്ളം ഒഴിവാക്കിക്കളയുന്നതു കന്നുകാലി ചാലിലേയ്ക്കാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പെട്ടിയും പറയും നന്നാക്കാന്‍ വൈകുന്നതെന്നാണ് ആക്ഷേപം. മുന്‍ കാലങ്ങളില്‍ മൈനര്‍ ഇറിഗേഷനാണു പെട്ടിയും പറയുടെയും അറ്റകുറ്റ പണികള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ ഇല്കട്രിക്കല് വിഭാഗമാണ് പണി ചെയ്യേണ്ടതെന്നാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പറയുന്നത്.
Tags : nattu vishesham Paddy crops Vellayani area