ചെയർപേഴ്സൺ എസ്. ലേഖ പൊങ്കാല അർപ്പിക്കുന്നു.
എടത്വ: വൃശ്ചിക മാസത്തിലെ കാര്‍ത്തിക പൊന്‍പുലരിയില്‍ കൈയില്‍ പൂജാദ്രവ്യങ്ങളും നാവില്‍ ദേവീ സ്തുതികളുമായി ഇഷ്ടവരദായനിക്ക് പൊങ്കാല നേദിച്ച് അംഗനമാര്‍. സ്ത്രീകളുടെ ശബരിമലയായി അറിയപ്പെടുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലാണ് ഭക്തലക്ഷങ്ങള്‍ ചക്കുളത്തമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് സായൂജ്യം നേടിയത്.
പൊങ്കാല ചടങ്ങില്‍ പങ്കെടുക്കാനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമാണ് ഭക്തര്‍ ചക്കുളത്തുകാവില്‍ എത്തിച്ചേര്‍ന്നത്. ക്ഷേത്രത്തിന് 80 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നിരന്നു. തകഴി-തിരുവല്ല-കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, എടത്വ-മുട്ടാര്‍, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാര്‍- മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും പൊങ്കാല അടുപ്പുകള്‍ നിരന്നു.
ഇന്നലെ പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10.15ന് ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരി ദേവിയെ ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് എഴുന്നള്ളിച്ച് പൊങ്കാല പണ്ഡാര അടുപ്പിന് സമീപം എത്തിച്ചു. തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പകര്‍ന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നതോട പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു.
പണ്ടാര പൊങ്കാല അടുപ്പില്‍ നിന്ന് ഭക്തര്‍ നേദ്യ അടുപ്പുകളിലേക്ക് തീ പകര്‍ത്തി. ഇതോടെ പ്രദേശം യാഗഭൂമിയായി മാറി. ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരിയുടെ നേത്യത്വത്തില്‍ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.
പൊങ്കാലയ്ക്ക് മുന്നോടിയായി ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്ന ഭക്തജനസംഗമം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കൊടിക്കുന്നില്‍ സുരേഷ് എംപി, റെജി ചെറിയാന് എംഎല്‍എ എന്നിവര്‍ പൊങ്കാല സന്ദേശം നല്കി. മാന്നാര്‍ അബ്ദുള്‍ ലത്തീഫ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അജിത്ത് പിഷാരത്ത്, ഉത്സവകമ്മിറ്റി സെക്രട്ടറി എം.പി. രാജീവ്, വാളന്റിയേഴ്സ് ക്യാപ്റ്റന്‍ ബിനു എന്നിവര്‍ നേതൃത്വം നല്കി.
Tags : Pongala at Chakkulathukavu Chakkulathukavu NattuVishesham DistrictNews