നീലേശ്വരം തോട്ടം ജംഗ്ഷനിൽ കുണ്ടും കുഴിയുമായി കിടക്കുന്ന അടിപ്പാത.
നീലേശ്വരം: പടന്നക്കാട് മുതൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഉയരപ്പാതയിലൂടെ ഗതാഗതം തുടങ്ങിയതോടെ പടന്നക്കാട് തോട്ടം ജംഗ്ഷനിലെയും നെടുങ്കണ്ടയിലെയും ബസ് സ്റ്റോപ്പുകൾ ഫലത്തിൽ ഇല്ലാതായി. നെഹ്റു കോളജിനു മുന്നിലെ സ്റ്റോപ്പ് കഴിഞ്ഞാൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ മാത്രമാണ് ബസുകൾ നിർത്തുന്നത്. ഇതിനിടയിലുള്ളവർക്ക് ബസ് കയറണമെങ്കിൽ കിലോമീറ്ററുകൾ നടന്ന് രണ്ടിലൊരിടത്ത് എത്തണം.
റോഡിന്റെയും പാലത്തിന്റെയും പ്രവൃത്തികൾ നടക്കുന്നതിനിടയിൽ തോട്ടം ജംഗ്ഷനിലും നെടുങ്കണ്ടയിലുമുള്ളവർക്ക് നടന്നുപോകാൻ പോലും വഴിയില്ലാത്ത നിലയാണ്. ഈ ഭാഗത്തെ സർവീസ് റോഡുകളും താറുമാറായി കിടക്കുകയാണ്. മഴ പെയ്തതോടെ അവിടവിടെ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. ഈ ഭാഗത്തുള്ളവർക്ക് തൊട്ടടുത്ത ബസ് സ്റ്റോപ്പുകളിലെത്തണമെങ്കിൽ ഓട്ടോറിക്ഷകളോ സ്വകാര്യ വാഹനങ്ങളോ മാത്രമാണ് ഇപ്പോൾ ആശ്രയം.
തോട്ടം ജംഗ്ഷനിലെ അടിപ്പാതയും ടാറിംഗ് നടത്താതെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. തൈക്കടപ്പുറം ഭാഗത്തേക്കും തിരിച്ചുമുള്ള വിരലിലെണ്ണാവുന്ന ബസുകൾ മാത്രം ഇതുവഴി കടന്നുപോകുന്നുണ്ട്.
നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സർവീസ് റോഡുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുമ്പോഴും പാലത്തിന്റെ മറുകരയിലുള്ള ഈ ഭാഗത്തെ റോഡുകളുടെ കാര്യം ആരും കാര്യമായി പരിഗണിച്ചിട്ടില്ല. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായാൽ ബസുകൾ വീണ്ടും ഇതുവഴി പോകാൻ തുടങ്ങുമെന്നും സ്റ്റോപ്പുകൾ തിരികെ കിട്ടുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ. അതിന് ഇനി എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നാണ് ആശങ്ക.
Tags : Nattuvishesham District news