കോടാലിപ്പൊയിൽ വാർഡിലെ മുതിർന്ന പൗരൻമാർ മെംബർ എ.പി. സാദിഖലിക്കൊപ്പം വയനാട്ടിലെത്തിയപ്പോൾ
എടക്കര: തന്റെ വാർഡിലെ മുഴുവൻ ആളുകൾക്കും സ്വന്തം ചെലവിൽ വയനാടിന്റെ ഭംഗി ആസ്വദിക്കാൻ അവസരമെരുക്കി ഗ്രാമപഞ്ചായത്ത് അംഗം.പോത്തുകൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ കോടാലിപ്പൊയിൽ വാർഡംഗവുമായ ആക്കപ്പറന്പൻ സാദിഖലിയാണ് തന്റെ വാർഡിലെ 55 വയസ് കഴിഞ്ഞ 147 പേർക്ക് വയനാടിന്റെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കിയത്. പോത്തുകൽ വാർഡ് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽകുമാറായിരുന്നു സംഘത്തെ നയിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് മൂന്ന് ടൂറിസ്റ്റ് ബസുകളിലായാണ് ഇവർ പേത്തുകല്ലിൽനിന്ന് വയനാട്ടിലേക്ക് ഉല്ലാസയാത്ര പോയത്. പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. അരീക്കോട് -മുക്കം- താമരശേരി ചുരം വഴിയായിരുന്നു യാത്ര. മുക്കത്തായിരുന്നു പ്രഭാതഭക്ഷണം ഒരുക്കിയിരുന്നത്. തുടർന്ന് താമരശേരി ചുരം കയറി വയനാട്ടിലെത്തി. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമലയും ചൂരൽ മലയിലെ ബെയ്ലി പാലവുമാണ് ആദ്യം സംഘം സന്ദർശിച്ചത്. തുടർന്ന് അന്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങൾ സന്ദർശിച്ചു.
രാത്രി പത്തോടെ വിനോദയാത്രാ സംഘം നാട്ടിൽ തിരിച്ചെത്തി. നാട്ടിൽനിന്ന് തയാറാക്കി കൊണ്ടുപോയ ചിക്കൻ ബിരിയാണിയായിരുന്നു ഉച്ചഭക്ഷണം. രാത്രി ചപ്പാത്തിയും. നാടുകാണിച്ചുരം വഴിയാണ് സംഘം തിരികേ നാട്ടിലെത്തിയത്.
തികച്ചും ഗ്രാമീണ മേഖലയായ കോടാലിപ്പൊയിൽ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളും കൂലിപ്പണിക്കാരുമായ സാധാരണക്കാരായിരുന്നു സംഘത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും. ജീവിതസാഹചര്യങ്ങളാൽ സ്വന്തം നാട് വിട്ട് പുറംലോകം കാണാൻ സാധിക്കാത്ത ഇവർക്ക് തങ്ങളുടെ ജനപ്രതിനിധിയോടൊപ്പം നടത്തിയ വിനോദയാത്ര നവ്യാനുഭവമായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സറഫുന്നീസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദു കുന്നുമ്മൽ, മുതുകുളം വാർഡംഗം ശാന്ത, അന്പിട്ടാംപൊട്ടി വാർഡംഗം റുബീന കിണറ്റിങ്ങൽ, ഉപ്പട വാർഡംഗം റസിയ എന്നിവരും യാത്രാസംഘത്തിലുണ്ടായിരുന്നു.
Tags : Local News Nattuvishesham Malappuram