പേരാമ്പ്ര: ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുന്ന സിഐടിയു സമീപനം അപലപനീയമാണെന്ന് യുഡിഎഫ് നേതൃത്വത്തിലുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ മിനി വട്ടക്കണ്ടി, വഹീദ പാറേമ്മൽ, രാജൻ മരുതേരി, വി.ബി രാജേഷ്, കെ.കെ. സുവർണ്ണ, ലിജി ഷിജു എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
കാലാവധി കഴിഞ്ഞ താൽക്കാലിക ജീവനക്കാർക്കു പകരം ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ആശുപത്രി വികസന സമിതി നിയമാനുസൃതം ഇന്റർവ്യൂ നടത്തിയാണ് നിയമിച്ചത്. കഴിഞ്ഞ 25 വർഷമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഗവ. താലൂക്ക് ആശുപത്രിയിലെ നിയമനങ്ങൾ മുഴുവൻ രാഷ്ട്രീയ പ്രേരിതവും ആവശ്യമായ യോഗ്യതകൾ ഇല്ലാത്തവരുമായിരുന്നു.
അത്തരം ആളുകളുടെ സേവനമാണ് അവസാനിപ്പിക്കുവാൻ തീരുമാനിച്ചത്. മാത്രമല്ല ആവശ്യമായ കരാറുകളും രേഖകളുമില്ലാതെ നിലവിൽ 40 ഓളം കരാർ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇത്തരം ജീവനക്കാരെ ഒഴിവാക്കി പകരം യോഗ്യതയുള്ള പുതിയ ജീവനക്കാരെ ഇന്റർവ്യൂ നടത്തി നിയമിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ നടന്ന അഴിമതിയും ഗുരുതരമായ കൃത്യ വിലോപങ്ങളും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനെതിരേയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്നും അംഗങ്ങൾ പറഞ്ഞു.
Tags : Local News Nattuvishesham Kozhikode