അഞ്ചാലുംമൂട് : പെരുമൺ കയർ പാർക്ക് പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. പെരുമണിൽ റഷ്യൻ സഹായത്തോടെ ഫാക്ടറി സ്ഥാപിക്കാൻ സർക്കാർ 35 ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ ഫാക്ടറി സ്ഥാപിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഏറ്റെടുത്ത വസ്തുവിൽനിന്നു 25 ഏക്കറോളം സ്ഥലം കേപ്പിന് കൈമാറി പെരുമൺ എൻജിനിയറിംഗ് കോളജ് സ്ഥാപിച്ചു.
കൊല്ലത്തിന്റെ സ്വന്തം വ്യവസായമായ കയർ മേഖല വിപുലീകരിക്കുന്നതിനുവേണ്ടി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഹൈടെക് കയർ പാർക്ക് ആരംഭിക്കുന്നതിന് ബാക്കിയുള്ള സ്ഥലം വിട്ടുകൊടുത്തു. സ്ഥലം ചുറ്റുമതിൽ കെട്ടി വേർതിരിച്ച് കയർ പാർക്ക് സ്ഥാപിക്കുന്നതിനുവേണ്ട കെട്ടിടങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടത്തുവാൻ തീരുമാനിച്ചതിനെത്തുടർന്ന് 2000 ഓഗസ്റ്റ് ഒൻപതിന് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ടി. ശിവദാസമേനോൻ ഹൈടെക് പാർക്ക് നിർമിക്കുന്നതിനുള്ള ശിലപാകി.
തുടർന്ന് 2003 ഒക്ടോബർ 26-ന് അന്നത്തെ എംപിയായിരുന്ന പി. രാജേന്ദ്രൻ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ച് പ്രവർത്തനം ആരംഭിച്ചു. ഇവിടെ ഒട്ടേറെ കയർത്തൊഴിലാളികൾക്ക് കയറ്റുപായ് നിർമാണത്തിലും മറ്റു കയർ ഉത്പന്നങ്ങളുടെ നിർമാണത്തിലും വിദഗ്ധപരിശീലനം നൽകി. കാലക്രമത്തിൽ കയർ വ്യവസായം അന്യസംസ്ഥാനങ്ങളിലേക്കു ചേക്കേറിയതോടെ പരിശീലന പരിപാടികളും കയറ്റുപായയുടെ ഉത്പാദനവും വിപണനവും നിലച്ചു. തുടർന്ന് കയർ പാർക്ക് അനാഥാവസ്ഥയിലായി.
ഒട്ടേറെ ഉപകരണങ്ങളും കയർ ഉത്പന്നങ്ങളും ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കിടപ്പുണ്ട്. ഇന്ന് പത്തേക്കറോളം വരുന്ന സ്ഥലവും കെട്ടിടങ്ങളും അനുബന്ധ ഉപകരണങ്ങളും കാടുകയറി നശിച്ചുകൊണ്ടിരിക്കുകയാണ്.
കയർ വ്യവസായം തകർന്നതോടെ ഹൈടെക് കയർ പാർക്കിന്റെ പ്രവർത്തനവും നിലച്ചു. തുടർന്ന് കയർപാർക്ക് നടത്താൻ സാധിക്കാത്തതിനാൽ സർക്കാർ അനുവദിച്ചുനൽകിയ സ്ഥലം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. പെരുമൺ-പേഴുംതുരുത്തു പാലവും മൺറോത്തുരുത്ത്-കണ്ണങ്കാട്ട് പാലവും നിർമിക്കുന്നതോടെ പ്രദേശത്ത് യാത്രാസൗകര്യം വർധിക്കും.
തന്മൂലം കൊല്ലത്ത് അനുവദിക്കുന്ന സർക്കാർ കോളജ് പെരുമണിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സമീപം എൻജിനിയറിംഗ് കോളജും ഉള്ളതിനാൽ പെരുമൺ പ്രദേശത്തിന് വൻ വികസനസാധ്യതയുണ്ടാകും. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് പെരുമണിൽ അനാഥമായി കാടുമൂടി കിടക്കുന്ന സ്ഥലത്ത് കോളജ് സ്ഥാപിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Kollam