നെടുമങ്ങാട്: ചാങ്ങ കണ്ടംമൂലയിൽ പ്രവർത്തിക്കുന്ന അനധികൃത പന്നിവളർത്തൽ കേന്ദ്രങ്ങൾ പ്രദേശവാസികൾക്ക് തീരാദുരിതമാകുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ നിന്നുള്ള ദുർഗന്ധവും ഈച്ചശല്യവും മൂലം വീടുകൾക്കുള്ളിൽ പോലും കഴിയാൻ കഴിയാത്ത അവസ്ഥയാണ്.
ഈച്ചശല്യം രൂക്ഷമായതോടെ ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നു നാട്ടുകാർ ആ രോപിക്കുന്നു. കേന്ദ്രങ്ങളിൽ നിന്നുള്ള മലിനജലം നടവഴികളിലേക്ക് ഒഴുക്കിവിടുന്നതും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. ഈ മാലിന്യത്തിൽ ചവിട്ടി നടക്കേണ്ടി വരുന്നതിനാൽ പ്രദേശവാസികളിൽ പലർക്കും കാലുകളിൽ അണുബാധയുണ്ടായതായും പരാതിയുണ്ട്.
പ്രശ്നം പരിഹരിക്കണമെന്നും അനധികൃത കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിനും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. വരുംദിവസങ്ങളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും പ്രശ് നത്തിനു ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും ഉൾപ്പെടെയുള്ള സമരമുറകളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറഞ്ഞു.