പി.എം. രാജൻ
ഹരിപ്പാട് : പ്രവാസി മലയാളി വിദ്യാർഥികൾക്കു ഗൾഫ് മണ്ണിൽ കേരള സിലബസിൽ എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചു തുടങ്ങിയ ആദ്യകാലഘട്ടത്തിൽ, അതിന്റെ നിർണായക ചുമതലക്കാരനായി പ്രവർത്തിച്ച റിട്ട. ഡിഇഒ ഹരിപ്പാട് മുട്ടം പള്ളിയാമ്പിൽ പി.എം. രാജന്റെ (89) വേർപാട് പ്രവാസ മണ്ണിലെ പരീക്ഷാ ചരിത്രത്തിലെ പ്രധാന ഒരേട് കൂടിയാണ് ഓർമിപ്പിക്കുന്നത്.
സർവീസിൽ നിന്നു വിരമിക്കുന്നതിനു തൊട്ടുമുമ്പ് പരീക്ഷാഭവനിൽ അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെയാണു യുഎഇയിലെ പരീക്ഷാ നടത്തിപ്പിന്റെ നിർണായക ചുമതല രാജനു ലഭിക്കുന്നത്. ദുബായ്, ഉമ്മുൽ ഖുവൈൻ കേന്ദ്രങ്ങളിൽ പരീക്ഷകൾ തടസമില്ലാതെ സംഘടിപ്പിക്കുന്നതിനായി അദ്ദേഹം ഗൾഫിൽ തങ്ങി പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചു.
അക്കാലത്ത് അതീവ സുരക്ഷയോടും രഹസ്യസ്വഭാവത്തോടും കൂടിയാണ് എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കുന്നതും മദ്രാസിലെ പ്രസുകളിൽ അച്ചടിച്ചിരുന്നതും. ഏറെ വെല്ലുവിളികൾ നിറഞ്ഞ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അച്ഛൻ വിരമിച്ചതെന്നും, കൃത്യതയും അതീവ രഹസ്യസ്വഭാവവും നിർബന്ധമുള്ള ഔദ്യോഗിക ജീവിതമായിരുന്നു അച്ഛന്റേതെന്നും മകളും തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറിയുമായ റ്റി.ആർ. രാജശ്രീ ഓർക്കുന്നു.
വയനാട്, മല്ലപ്പള്ളി, ഹരിപ്പാട് ബോയ്സ് സ്കൂളുകൾ തുടങ്ങി വിവിധ ഭാഗങ്ങളിൽ അധ്യാപകനായും മാവേലിക്കര ഡിഇഒ ആയും സേവനമനുഷ്ഠിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്തിന് എപ്പോഴും വഴികാട്ടിയായിരുന്നു. സർവീസിൽ നിന്നു വിരമിച്ച ശേഷവും സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന രാജൻ, സർവീസ് പെൻഷനേഴ്സ് ഫോറം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
റിട്ട.അധ്യാപിക പരേതയായ എം.കെ. രാധാമണിയാണു ഭാര്യ. റ്റി.ആർ. രാജേഷ് (യുഎസ്എ), ഡോ. റ്റി.ആർ.രാജീവ്, റ്റി.ആർ. രാജശ്രീ (കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറി) എന്നിവരാണു മക്കൾ. സോബി രാജേഷ് (യുഎസ്എ), ഡോ. സദാശിവൻ (കാരിത്താസ് ആശുപത്രി, കോട്ടയം) എന്നിവർ മരുമക്കളാണ്.
Tags : passes away NattuVishasham DistrictNews