മലപ്പുറം ഇൻകെൽ സിറ്റിക്കടുത്ത് അനുവദിച്ച കള്ളുഷാപ്പിനെതിരേ നടന്ന ജനകീയ സമരം.
മലപ്പുറം: മലപ്പുറം നഗരസഭയിലെ വ്യവസായ പാർക്കായ ഇൻകെൽ സിറ്റിക്കടുത്ത് ചുങ്കം പുളിയേറ്റുമ്മലിൽ അനുവദിച്ച കള്ളുഷാപ്പിനെതിരേ ജനകീയ സമരം. നൂറുക്കണക്കിന് വീടുകളും ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന വിവിധ കോളജുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ഇൻകെൽ സിറ്റിക്ക് തൊട്ടടുത്തായി ആരംഭിക്കാൻ പോകുന്ന കള്ളുഷാപ്പ് നാടിന് ഭീഷണിയാണെന്ന് സമരത്തിൽ പങ്കെടുത്ത രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. സമരത്തിന് മലപ്പുറം നഗരസഭയുടെ പിന്തുണയുണ്ടാകുമെന്ന് സമരം ഉദ്ഘാടനം ചെയ്ത നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ നാണത്ത് സമീറ മുസ്തഫ പറഞ്ഞു. 39-ാം വാർഡ് കൗണ്‍സിലർ കെ.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു.
നഗരസഭ നാൽപതാം വാർഡ് കൗണ്‍സിലർ കെ. സിദ്ദീഖ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.കെ. സൈഫുള്ള, സുഹൈൽ പറന്പൻ, ഷംസു കപ്പൂർ, റസാഖ് കാരാത്തോട്, ഹംസ കാടേരി, ഷമീൽ, മുഹ്സിൻ പറന്പൻ, സമദ് കാരാത്തോട്, എൻ. ആഷിക്ക്, എൻ.കെ. മുസ്തഫ, ശിഹാബ് കാന്പ്ര, കെ.കെ. ഗഫൂർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.