പീരുമേട്: പീരുമേടും പരിസര പ്രദേശങ്ങളും തെരുവുനായ ഭീതിയിൽ. ഞായർ, തിങ്കൾ ദിവസങ്ങളിലായി വിദ്യാർഥിനിയും അതിഥി തൊഴിലാളിയുമടക്കം 14 പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പരുക്കേറ്റവരെല്ലാം പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ആദ്യ സംഭവങ്ങൾ ഉണ്ടായത്. പഴയ പാമ്പനാർ സ്വദേശി കുമാർ (44), ലാൻഡ്രം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി, അതിഥി തൊഴിലാളിയായ ആഷിക് (18) എന്നിവരുൾപ്പെടെ നാല് പേർക്കാണ് ഞായറാഴ്ച കടിയേറ്റത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന കുമാറിനെ നായ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം കടിയേറ്റ ഇദ്ദേഹത്തിന്റെ തലയ്ക്കും കാലുകൾക്കും ഗുരുതരമായ മുറിവുകളുണ്ട്. ലാൻഡ്രത്തുവച്ചാണ് പ്ലസ് ടു വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ചത്. പെൺകുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറി പരിക്കേൽപ്പിച്ചു. വഴിയാത്രയ്ക്കിടയിലാണ് അതിഥി തൊഴിലാളിയായ ആഷിക്കിന് കടിയേറ്റത്.
തിങ്കളാഴ്ച പത്തുപേർക്കുകൂടി തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റതോടെ നാട്ടുകാർ പൂർണമായും ഭീതിയിലായിരിക്കുകയാണ്. റാണി കോവിൽ സ്വദേശികളായ സുമ (49), ഉമ (38), സിറാജുദീൻ, കുട്ടിക്കാനം സ്വദേശി സന്തോഷ് (51), പഴയ പാമ്പനാർ സ്വദേശികളായ മുരളി (58), ജോൺ (49), സുന്ദര ഗോപാലൻ, കല്ലാർ സ്വദേശി ബാലൻ (58), ചിദംബരം സ്വദേശി രഞ്ജൻ (72), പാമ്പനാർ സ്വദേശി ഷൺമുഖ സുന്ദരം എന്നിവരാണ് തിങ്കളാഴ്ച നായുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്.
പീരുമേട്ടിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. കാൽനടയാത്രക്കാർക്കും പ്രത്യേകിച്ച് സ്കൂൾ കുട്ടികൾക്കും റോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ വഴിപോക്കരെ ഓടിച്ചിട്ട് ആക്രമിക്കുന്നത് പതിവായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുട്ടികളുടെയും സാധാരണക്കാരുടെയും ജീവന് ഭീഷണിയായ തെരുവ് നായ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Tags : Nattuvishesham Local News Pirumedu fear street