കോതമംഗലത്തെ ബ്ലൂ സോൺ മാതൃകാ നഗരമാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചർച്ച.
കോതമംഗലം: ലോകത്ത് പ്രായമായവർ കൂടുതൽ ആരോഗ്യത്തോടെയും ദീർഘായുസോടെയും ജീവിക്കുന്ന പ്രദേശങ്ങളായി അറിയപ്പെടുന്ന ബ്ലൂ സോണുകളുടെ മാതൃകയിൽ കോതമംഗലം മുനിസിപ്പൽ പ്രദേശത്തെ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു.
ജപ്പാനിലെ ഒക്കിനാവ, ഇറ്റലിയിലെ സർദീനിയ, കോസ്റ്റാറിക്കയിലെ നിക്കോയ, ഗ്രീസിലെ ഇക്കാരിയ, അമേരിക്കയിലെ ലോമ ലിൻഡ എന്നീ പ്രദേശങ്ങളാണ് ലോകപ്രശസ്തമായ ബ്ലൂ സോണുകൾ. നൂറുവയസിന് മുകളിലുള്ളവരുടെ എണ്ണം താരതമ്യേന കൂടുതലുള്ള ഈ മേഖലകൾ ആരോഗ്യകരമായ ജീവിതശൈലി, ഭക്ഷണക്രമം, കായികക്ഷമത, മാനസികാരോഗ്യം, സാമൂഹിക ഐക്യം എന്നിവയുടെ പേരിൽ ശ്രദ്ധേയമാണ്.
പശ്ചിമഘട്ടത്തിന്റെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന കോതമംഗലത്തിന് പ്രകൃതിദത്തമായ സാഹചര്യങ്ങളാൽ ബ്ലൂ സോൺ പ്രദേശങ്ങളുമായി നിരവധി സാമ്യങ്ങളുണ്ടെന്ന് എംഎൽഎ പറഞ്ഞു. കേരളത്തിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ തട്ടേക്കാടിന്റെ സമീപസ്ഥിതിയും, ശുദ്ധജല ലഭ്യതയും, കാർഷിക പാരമ്പര്യവും, അധ്വാനശീലരായ ജനവിഭാഗവും കോതമംഗലത്തിന്റെ പ്രത്യേകതകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ഇന്ത്യയിലെ ആദ്യ ബ്ലൂ സോൺ ആശയം കോതമംഗലത്ത് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.
കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, കോതമംഗലം ക്ലബ് പ്രസിഡന്റ് ഷാജി മാത്യു, സെന്റ് ജോസഫ്(ധർമഗിരി) ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ, ഡോ. ബേബി മാത്യു അറമ്പൻകുടി, ഇവിഎം ഹോട്ടൽസ് മാനേജിംഗ് ഡയറക്ടർ ജെയിംസ് മാത്യു, ആന്റോ ഉണ്ണുപ്പാട്ട്, പാം കെയർ സീനിയർ ലിവിംഗ് മാനേജിംഗ് ഡയറക്ടർ ബാബു ജോസഫ്, ജനറൽ മാനേജർ ബിബിൻ വർഗീസ്, റിലേഷൻസ് മാനേജർ അതുല്യ സുരേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam