മേലുകാവ് പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി.
മേലുകാവ്: കാലാവസ്ഥ വ്യതിയാനവും വന്യജീവി അക്രമണവും മൂലം പൊറുതി മുട്ടിയിരിക്കുന്ന മലയോര ജനതയ്ക്ക് ഭീഷണിയായി പ്ലൈവുഡ് ഫാക്ടറിയും. പാരിസ്ഥിക പ്രശ്നങ്ങളും വായു, ജല, പരിസര മലിനീകരണവും മൂലം എറണാകുളം വെങ്ങോലയിലെ ഹൈക്കോടതി 2016-ൽ പൂട്ടിച്ച പ്ലൈവുഡ് ഫാക്ടറിയാണ് മേലുകാവിലേക്ക് താവളം മാറ്റാനൊരുങ്ങുന്നത്. മേലുകാവ് പഞ്ചായത്തിലെ പയസ് മൗണ്ടിനു സമീപം കിഴക്കന്മറ്റത്ത് ആറേക്കര്‍ ഭൂമി കമ്പനി ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഫുഡ് ഫാക്ടറി എന്ന പേരിലാണ് കെട്ടിട നിർമാണം തുടങ്ങിയത്. ആദ്യഘട്ടത്തിൽ പഞ്ചായത്ത് ഇതിന് അനുമതി നല്‍കുകയും ചെയ്തു. ഈ അനുമതിയുടെ മറവില്‍ മൂന്നു ഫാക്ടറികള്‍ കൂടി തുടങ്ങാനുള്ള നീക്കം പഞ്ചായത്ത് ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. അനധികൃത ഫാക്ടറിക്കെതിരെ നാട്ടുകാരും ജനപ്രതിനിധികളും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പേരുമാറ്റിയുള്ള തട്ടിപ്പ്
പഞ്ചായത്തിന്റെ അനുമതി മറച്ചുവച്ച് കെ-സിഫ്റ്റ് വഴി റോയല്‍ ഗ്രീന്‍ എന്ന മറ്റൊരു പേരില്‍ ഇവര്‍ പുതിയ അനുമതി തരപ്പെടുത്തി. ഒരൊറ്റ വന്‍കിട വ്യവസായമായി രജിസ്റ്റര്‍ ചെയ്താല്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ ഏറ്റവും കര്‍ശനമായ റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുമെന്നതിനാല്‍ ഇത് ഒഴിവാക്കി ചെറുകിട സംരംഭങ്ങള്‍ എന്ന വ്യാജേന വ്യത്യസ്ത പേരുകളില്‍ പല ഫാക്ടറികളാക്കി മാറ്റി ഓറഞ്ച് കാറ്റഗറി സുരക്ഷ നേടാനാണ് ഉടമകളുടെ തന്ത്രം.
വല്ലരിതോട് മണ്ണിട്ട് നികത്തി നീരൊഴുക്ക് തടസപ്പെടുത്തി
പ്രദേശവാസികൾ ഈരാറ്റുപേട്ട കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്ന് നടത്തിയ പരിശോനയില്‍ അഭിഭാഷക കമ്മിഷന് ഞെട്ടിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയത്. മലയോരത്തെ പ്രധാന തോടായ വല്ലരിതോടിന്റെ 100 മീറ്ററോളം ഭാഗം മണ്ണിട്ട് നികത്തി റോഡ് നിരപ്പിലാക്കി.
പ്രദേശവാസികളായ പൊതുജനങ്ങളെ കബളിപ്പിച്ച് പ്ലൈവുഡ് ഫാക്ടറി തുടങ്ങാനുള്ള നീക്കം അനുവദിക്കില്ല. നൂറുകണക്കിനു കുടിവെള്ള പദ്ധതികളുള്ള മീനച്ചിലാര്‍ മലിനപ്പെട്ടാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
ജെറ്റോ ജോസ്, മേലുകാവ് പഞ്ചായത്തംഗം
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഫാക്ടറി തുടങ്ങാനുള്ള ശ്രമം നടക്കുന്നത്. ഫാക്ടറിക്കു സമീപമുള്ള വലരിതോട് മണ്ണിട്ട് നികത്തി മണ്ണിനടിയില്‍ മാന്‍ഹോള്‍ സ്ഥാപിച്ച് വെട്ടിക്കൊമ്പന്‍ തോട്ടിലൂടെ മലിനജലം മീനച്ചിലാറ്റില്‍ എത്തുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയാല്‍ മേലുകാവ്, കടനാട് പഞ്ചായത്തുകളിലെ ജനവാസ മേഖലയിലെ ഭൂരിഭാഗം കുടിവെള്ള സ്രോതസുകളും കൃഷിയിടങ്ങളും മലിനമാകും.
അന്‍ഡ്രൂസ് ഏബ്രാഹം, മേലുകാവ് പഞ്ചായത്തംഗം
വെങ്ങോല പഞ്ചായത്തില്‍ നിന്നു മാറ്റി സ്ഥാപിക്കപ്പെട്ട പ്ലൈവുഡ് ഫക്ടറി മേലുകാവ് പഞ്ചായത്തിലെ പയസ് മൗണ്ട് കിഴക്കന്മറ്റത്ത് എത്തിയത് ജനങ്ങളെ തെറ്റിധരിപ്പിച്ചാണ്. ഫക്ടറി പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. പഞ്ചായത്ത് അംഗമെന്ന നിലയില്‍ ജനങ്ങളോടെപ്പം നിന്ന് ഫാക്ടറി തുടങ്ങാനുള്ള നീക്കത്തെ എതിര്‍ക്കും
എം.എസ്. സുനില്‍, മേലുകാവ് പഞ്ചായത്തംഗം