കാസര്‍ഗോഡ്: നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനായി ജില്ലാ പോലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവ് വന്‍ വിജയം. സിഇഐആര്‍ (സെന്‍ട്രല്‍ ഐഡിന്റിറ്റി രജിസ്റ്റര്‍) പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തി നടത്തിയ പരിശോധനയിലൂടെ വിവിധ സ്റ്റേഷനുകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതികളിലെ 42 മൊബൈല്‍ ഫോണുകളാണ് പോലീസ് വീണ്ടെടുത്തത്.
ഈവര്‍ഷം ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവിലാണ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഈ പ്രത്യേക പരിശോധന നടന്നത്. കണ്ടെടുത്ത ഫോണുകള്‍ ഇന്നലെ രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡി പരാതിക്കാര്‍ക്ക് തിരികെ നല്കി.
മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുന്നതും സിഇഐആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഫോണുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഓര്‍മിപ്പിച്ചു.
Tags : nattu visheshsam Police special drive