ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു. വികാരി ജനറാൾമാരായ മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആ
ഇരിങ്ങാലക്കുട: ക്രൈസ്തവസമൂഹത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയകക്ഷികള്‍ സ്വീകരിച്ചിട്ടുള്ള നിസംഗതാമനോഭാവം തിരുത്തണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
അധികാരത്തിലേറിയാല്‍ ഇത്തരം പ്രശ്നങ്ങളില്‍ എന്തു നടപടികളെടുക്കുമെന്ന് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും നേതാക്കള്‍ വ്യക്തമാക്കണം. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു ബിഷപ്.
ക്രൈസ്തവര്‍ കാലങ്ങളായി മുന്നോട്ടുവയ്ക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും ഒരു മുന്നണിയും പാര്‍ട്ടിയും ഫലപ്രദമായ പരിഹാരം നിര്‍ദേശിക്കുന്നില്ല. ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനവും കുടുംബങ്ങളെയും സമൂഹത്തെയും തകര്‍ക്കുന്ന മദ്യനയവും മലയോര കര്‍ഷക പ്രശ്നങ്ങളും തീരദേശനിവാസികളുടെ ആവശ്യങ്ങളും ക്രൈസ്തവസമൂഹത്തിന്റെ തുടരുന്ന ആശങ്കകളാണ്. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ള സത്യസന്ധരായ ജനപ്രതിനിധികള്‍ മുന്നോട്ടുവരാന്‍ വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്നു മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.
വിവിധ രംഗങ്ങളില്‍ ഗുരുതരശോഷണം നേരിട്ടുകൊണ്ടിരിക്കുന്ന സീറോമലബാര്‍ സമൂഹത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ മുഴുവന്‍ വിശ്വാസികളും തയാറാവണം. കത്തോലിക്ക കോണ്‍ഗ്രസ് അല്മായ ശക്തീകരണത്തിലൂടെ സമുദായ ശക്തീകരണത്തിനു നേതൃത്വം നല്‍കണമെന്നും ബിഷപ് പറഞ്ഞു.
ക്രൈസ്തവസമുദായ ശക്തീകരണം നല്ലൊരു നാളേക്കായ് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കു കെസിബിസി ജാഗ്രതാ കമ്മീഷന് സെക്രട്ടറി റവ.ഡോ. മൈക്കിള്‍ പുളിക്കന്‍, മൂവാറ്റുപുഴ നഗരസഭാ ചെയര്‍പേഴ്സണും സംരംഭകയുമായ ജോയ്സ് മേരി ആന്റണി, ചങ്ങനാശേരി അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ നേതൃത്വം നല്കി. അഡ്വ. ഷൈനി ജോജോ ചിറ്റിലപ്പിള്ളി മോഡറേറ്ററായി. വികാരി ജനറാൾമാരായ മോണ്‍. ആന്റു ആലപ്പാടന്‍, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ.ഡോ. റിജോയ് പഴയാറ്റില്‍, സെക്രട്ടറിമാരായ ജിയോ ജോസ്, അഡ്വ. ആന്ലിന് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയികളായ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെയും ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് നേടിയ രൂപതാ മാതൃവേദിയെയും ആദരിച്ചു.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പുറത്തുവിട്ട നടപടിയെ അഭിനന്ദിക്കുന്നതോടൊപ്പംതന്നെ അതിലെ ശിപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇനിയും പ്രകടമാകേണ്ടിയിരിക്കുന്നുവെന്നു പ്രമേയത്തിൽ വ്യക്തമാക്കി. ക്രൈസ്തവവിദ്യാലയങ്ങള്ക്കും ആശുപത്രികള്‍ക്കും നേരേ കക്ഷിഭേദമെന്യേ കാലാകാലങ്ങളായി സ്വീകരിച്ചുപോരുന്ന വിവേചനവും ചിറ്റമ്മനയവും തുടരുന്നതില്‍ ആശങ്കയും ഖേദവും പ്രകടിപ്പിക്കുന്ന പ്രമേയവും പാസ്റ്ററല്‍ കൗണ്‍സിലിൽ അവതരിപ്പിച്ചു.