ചമ്പക്കുളം: കഴിഞ്ഞ ആഴ്ചയിൽ പൊതുജന പങ്കാളിത്തത്തോടെ വൃത്തിയാക്കിയ ചെമ്പകശേരി തോട് വീണ്ടും മലിനമാകുന്നു. നെടുമുടി പഞ്ചായത്തിലെ ചരിത്ര പ്രാധാന്യമുള്ള തോടാണ് തെർമോക്കോളും പ്ലാസ്റ്റിക്കും ഇടതോടുകളിൽ നിന്നുള്ള പോളയും നിക്ഷേപിച്ച് മലിനമാക്കുന്നത്.
പമ്പയാറ്റിൽനിന്ന് പൂക്കൈത ആറ്റിലേക്ക് കടക്കുന്നതിനായി ചെമ്പകശേരി രാജാക്കൻമാർ വെട്ടിയ തോടാണ് ചെമ്പകശേരി തോട്. പമ്പയാറ്റിൽ ചമ്പക്കുളത്തങ്ങാടിയിലെ കോച്ചേരി മുതൽ വൈശ്യംഭാഗത്ത് കവലയ്ക്കൽ വഴി പൂക്കൈതയാറ്റിലെത്തുന്ന രീതിയിലാണ് തോട് നിർമിച്ചിരിക്കുന്നത്.
വർഷങ്ങളായി തോട് പായലും പോളയും നിറഞ്ഞ് വെള്ളം മലിനമായി കിടക്കുകയായിരുന്നു. പൊതുജന പങ്കാളിത്തത്തോടെ കൊച്ചേരി മുതൽ ചെമ്പകശേരി പള്ളി വരെയുള്ള ഭാഗങ്ങൾ അടുത്ത ദിവസങ്ങളിൽ വൃത്തിയാക്കിയതാണ് വീണ്ടും മലിനമാക്കപ്പെടുന്നത്. കാൽ നൂറ്റാണ്ട് മുൻപ് വരെ മോട്ടോർ ബോട്ടുകളും വലിയ കേവ് വള്ളങ്ങളും പമ്പയാറ്റിൽനിന്ന് പൂക്കൈത ആറ്റിലേക്കും തിരിച്ചും സഞ്ചരിച്ചിരുന്ന ഈ തോട്ടിലൂടെ ചെറുവള്ളങ്ങൾക്കുപോലും യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ്.
തോടിന്റെ ഇരുകരകളിലുമുള്ള പാടശേഖരങ്ങളിൽനിന്ന് മോട്ടർ ഉപയോഗിച്ച് വെള്ളം ഈ തോട്ടിലേക്കാണ് പമ്പു ചെയ്യുന്നത്. തോട് പായലും പോളയും ഇല്ലാതെ കിടന്നാൽ മാത്രമേ പാടശേഖരത്തിൽനിന്നു പുറന്തള്ളുന്ന വെള്ളം ഒഴുകിമാറൂ. സമീപവാസികളുടെ ദീർഘകാലത്തെ പരാതിയുടെയും പ്രതിഷേധത്തിന്റെയും ഫലമായി വൃത്തിയാക്കിയ തോട്ടിലേക്ക് വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിൽ വലിയ അമർഷത്തിലാണ് നാട്ടുകാർ.
Tags : Pollution Nattuvishesham District news