കോട്ടയം കുമരകം റോഡില് ബേക്കര് ജംഗ്ഷനിലെ റോഡ് തകര്ന്ന നിലയി -ദീപിക.
കോട്ടയം: നഗരത്തിലെ റോഡുകളിലെ കുഴികള് യാത്രക്കാരുടെ നടുവൊടിക്കുന്നു. ഓണക്കാലം തുടങ്ങിയപ്പോള് മുതലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിനൊപ്പം റോഡിലെ കുഴികളും നഗരയാത്ര കൂടുതല് ദുഃസഹമാക്കുകയാണ്.
ബേക്കര് ജംഗ്ഷന് സമീപവും കഞ്ഞിക്കുഴിയിലുമുള്ള ചെറിയ കുഴികള് പോലും വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതോടെ പ്രധാന റോഡുകളില് നീണ്ട ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ഐഡ ജംഗ്ഷന് മുതല് പുളിമൂട് ജംഗ്ഷന് വരെയും റോഡിലെ കുഴികള് അപകടഭീഷണി ഉയര്ത്തുന്നു.ബേക്കര് ജംഗ്ഷന് സമീപം കുമരകം റോഡില്നിന്ന് എംസി റോഡിലേക്ക് പ്രവേശിക്കുന്ന വണ്വേയുടെ തുടക്കത്തിലാണ് കുഴിയും റോഡ് തകര്ച്ചയും യാത്രക്കാര്ക്ക് കെണിയാകുന്നത്.
കുഴിയില് വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ വാഹനങ്ങള് വേഗം കുറയ്ക്കുകയും പിന്നാലെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ചെയ്യുന്നു.
രാവിലെയും വൈകുന്നേരവുമാണ് സ്ഥിതി രൂക്ഷം. ഇടുങ്ങിയ ഭാഗമായതിനാല് കാല്നടയാത്രക്കാരും ദുരിതത്തിലാകുന്നു. കഞ്ഞിക്കുഴിയില് ട്രാഫിക് പൊലീസ് പോയിന്റിനോട് ചേര്ന്നുള്ള ചെറിയ കുഴിയും സമാനമായ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. രാപകല് തിരക്കേറിയ ഇവിടെ വാഹനങ്ങള് വേഗം കുറയ്ക്കുന്നതോടെ ഗതാഗതക്കുരുക്ക് കെകെ റോഡിന്റെ ഇരുഭാഗങ്ങളിലേക്കും മാങ്ങാനം, ദേവലോകം റൂട്ടുകളിലേക്കും നീളുന്നു.
രാത്രിയാത്ര അപകടം
രാത്രിയില് കുഴികള് അപകടഭീഷണിയാകുന്നു. കുഴി ശ്രദ്ധയില്പ്പെടാതെ എത്തുന്ന ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തില്പ്പെടാന് സാധ്യതയേറുന്നത്. ചെറിയ കുഴികള് അവഗണിക്കാതെ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതക്കുരുക്കിനും അപകടങ്ങള്ക്കും പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews road