കാരിമറ്റം സ്റ്റോഴ്സിനു മുന്നിലെ ഗർത്തം.
ചക്കിട്ടപാറ: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ ടൗണിലെ രണ്ട് കടകൾക്കു മുമ്പിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. നാല് മാസം മുൻപ് കരാറുകാരും കേരള റോഡ് ഫണ്ട് ബോർഡുമാണ് കുഴികൾക്ക് രൂപം നൽകിയത്.
റോഡിന്റെ വീതി ശരിയായി നിർണയിച്ചിട്ട് മതി മലയോര ഹൈവേ നിർമാണമെന്ന് കടയുടമകൾ പറഞ്ഞു. ഇതേ തുടർന്ന് കടകൾക്കു മുന്നിൽ സഞ്ചാര സൗകര്യത്തിന് തടസം സൃഷ്ടിച്ച് കിടങ്ങ് കുഴിക്കുകയായിരുന്നു. വാഹന കാത്തിരിപ്പു കേന്ദ്രത്തിന്റെ എതിർ വശത്താണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യന്റെ കടയുള്ളത്. ഇതിനു മുന്നിലാണ് ഒരു കുഴിയുള്ളത്.
ടൗണിന്റെ ഹൃദയഭാഗത്തെ കാരിമറ്റം സ്റ്റോഴ്സിനു മുന്നിലാണ് രണ്ടാമത്തെ ഗർത്തം. നാൽക്കവല ഭാഗമായതിനാൽ ഈ ഗർത്തം കാരണം ഇവിടെ ഗതാഗതക്കുരുക്കുണ്ടാവാറുണ്ട്. വലിയ വാഹനങ്ങൾ കടന്നു പോകാനും തിരിക്കാനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഗർത്തമുള്ള രണ്ട് ഭാഗത്തും ഹൈവേ നിർമാണം നടക്കുന്നുമില്ല. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.