ദേശീയപാതയിൽ കായംകുളം ഹൈവേ പാലത്തിന് സമീപത്തെ റോഡിലെ കുഴികൾ.
കായംകുളം: ദേശീയപാത 66 ൽ കായംകുളം മുതൽ ഓച്ചിറ വരെയുള്ള ഭാഗത്തെ കുഴികൾ അപകടക്കെണികളാകുന്നു. കായംകുളം ഒഎൻകെ ജംഗ്ഷനും ഓച്ചിറ കെഎസ്ആർടിസിക്കും ഇടയിൽ പലയിടങ്ങളിലും റോഡ് തകർന്ന അവസ്ഥയാണ്. കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ജീവൻ പണയംവച്ചാണ് സഞ്ചരിക്കുന്നത്. റോഡ് തകർന്ന ഭാഗങ്ങളിൽ പൊടിശല്ല്യവും രൂക്ഷമാണ്. ഇടറോഡുകളിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളും അടിപ്പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളും തകർന്നു കിടക്കുകയാണ്.
നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് കരാർ കമ്പനികൾ പ്രവർത്തിച്ചുവരുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇതുമൂലം നിരവധി അപകടങ്ങളാണ് ദേശീയപാതയിൽ സംഭവിക്കുന്നത്. നിർമാണ പ്രവൃത്തികൾ ഇനിയും നീളുമെന്നതിനാൽ സർക്കാർ ഇടപെട്ട് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരണം
ദേശീയപാതയിലെ യാത്ര മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. ഇരുചക്ര വാഹനക്കാരും കാൽ നടയാത്രക്കാരുമാണ് ഏറെ ദുരിതം സഹിക്കേണ്ടി വരുന്നത്. കരാറുകാരുടെ അനാസ്ഥ മൂലം അപകടങ്ങൾ പെരുകുമ്പോഴും ദേശീയപാതാ അഥോറിറ്റി ഉറക്കം നടിക്കുകയാണ്.
സജീർ കുന്നുകണ്ടം (പൊതുപ്രവർത്തകൻ )
ദേദേശീയപാതയിൽ വലിയ കുഴികൾ രൂപപ്പെട്ടത് അപകടങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന കരാർ കമ്പനിയുടേയും ദേശീയപാത അഥോറിറ്റിയുടെയും അനാസ്ഥയ്ക്കെതിരെ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം. കുഴികൾ അടയ്ക്കാനുള്ള കർശന നടപടി സ്വീകരിക്കണം.
പി. സനൂജ് (ജില്ലാ സെക്രട്ടറി ഐഎൻടിയുസി)