നിലന്പൂർ കെടിഡിസി ടാമറിൻഡിൽ പ്രിയങ്കഗാന്ധി എംപിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം. കളക്ടർ ഡോ. വിനയ് ഗോയൽ, മന്ത്രി എ.പി. അനിൽകുമാർ
നിലമ്പൂർ: പരമ്പരാഗത മണ്‍പാത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ ഉന്നമനത്തിനുമായി സ്വീകരിക്കാവുന്ന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി നിലന്പൂർ കെടിഡിസി ടാമറിൻഡിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കളിമണ്ണിന്റെ ലഭ്യതക്കുറവ്, ന്യായമായ വില ലഭിക്കാത്തത്, യന്ത്രവത്കരണത്തിന്റെയും ആധുനിക വിപണന തന്ത്രങ്ങളുടെയും അഭാവം, ഗതാഗതച്ചെലവിന്റെ വർധന തുടങ്ങി വിവിധ പ്രശ്നങ്ങൾ ഈ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. നിലന്പൂരിലും പരിസര പ്രദേശങ്ങളിലും പാത്രനിർമാണത്തിന് ഉപയോഗിക്കാവുന്ന കളിമണ്ണ് ഉണ്ടെങ്കിലും എടുക്കാനാകുന്നില്ല. ലൈസൻസ് ഉള്ള ഒരു കരകൗശല തൊഴിലാളിക്ക് 50 മെട്രിക് ടണ്‍ മണ്ണ് അനുവദിക്കാവുന്നതാണ്. എന്നാൽ ലൈസൻസുള്ളവർ നന്നേ കുറവാണ്.
ഈ സാഹചര്യത്തിൽ വൈദഗ്ധ്യമുള്ളവർക്ക് ലൈസൻസ് നൽകുന്നതിന് ഐടിഡിപിയും തദ്ദേശസ്ഥാപനങ്ങളും മുൻകൈയെടുക്കണമെന്നും പ്രിയങ്കഗാന്ധി എംപി ആവശ്യപ്പെട്ടു.
സ്വകാര്യഭൂമിയിൽനിന്ന് മണ്ണെടുക്കുന്നതിന് വനംവകുപ്പ് തടസം നിൽക്കുന്നത് ഒഴിവാക്കണം. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഐഡി കാർഡ് നൽകും. മണ്‍പാത്ര നിർമാണം നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം വീണ്ടും യോഗം ചേർന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അവർ പറഞ്ഞു.
റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, എഡിഎം പി.ഒ. സാദിഖ്, അസിസ്റ്റന്റ് കളക്ടർ ഇന്ദു സാക്ഷി, ആർക്കിടെക്റ്റ് എം. ആഷ്മിത ജെറോ, സാമൂഹ്യ ശാസ്ത്രജ്ഞ ഡോ. എ. രജനി, ഡിസൈനർ കെ.കെ. ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram