രണ്ടാം നിലയിലെ മുറി കത്തിനശിച്ച നിലയിൽ
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ജംഗ്ഷന് സമീപം വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വെഞ്ഞാറമൂട് സഫാരി ഹോട്ടലിന് എതിർവശത്ത് പഴയ അനുപമ ഹോസ്പി റ്റലിന് സമീപം സുബിന മൻസിലിൽ സലീമിന്റെ വീടിനാണ് തീപിടിച്ചത്. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ ഒന്നര മണിക്കൂറോളം നടത്തിയ ദീർഘശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ യാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലാണ് തീപിടിച്ചത്. തീ പടരുന്ന സമയത്ത് വീടിന്റെ ഒന്നാം നിലയിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാം നിലയിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ പുറത്തുപോയ പുരുഷന്മാരെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി സ്വന്തം നിലയിൽ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
വെഞ്ഞാറമൂട്, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നായി എത്തിയ നാല് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടുത്തത്തിൽ വീടിന്റെ രണ്ടാം നില പൂർണമായും വാസയോഗ്യമല്ലാത്ത വിധം കത്തിനശിച്ചു. രണ്ടാം നിലയിലുണ്ടായിരുന്ന എസി, കമ്പ്യൂട്ടർ, ഇൻവെർട്ടർ തുടങ്ങിയ നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പൂർണമായും കത്തിയമർന്നു. ശക്തമായ ചൂടിൽ വീടിന്റെ ചുവരുകൾ പൊട്ടിപ്പിർന്നിട്ടുണ്ട്.
സമീപത്ത് തന്നെ നിരവധി വീടുകൾ ഉണ്ടായിരുന്നുവെങ്കിലും ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ മൂലം അവിടേക്ക് തീ പടർന്നില്ല. വെഞ്ഞാറമൂട് പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Tags : Local News Nattuvishesham Thiruvananthapuram