പെരുന്ന കക്കാട്ടുകടവില്‍ ചങ്ങനാശേരി നഗരസഭാംഗം സതീഷ്കുമാര്‍ പാലത്തിന്റെ ആവശ്യകത വിശദീകരിക്കുന്നു.
ചങ്ങനാശേരി: നഗരസഭാ പരിധിയിലെ 22-ാം വാര്‍ഡില്‍പ്പെട്ട കക്കാട്ടുകടവില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. പാലം ഇല്ലാത്തതിനാല്‍ കടത്തുവള്ളം ആശ്രയിച്ച് ജീവിക്കുന്നത് അമ്പതോളം കുടുംബങ്ങളാണ്. പ്രദേശ വാസികള്‍ക്ക് ജോലിക്കും സ്കൂളിലും പോകുന്നതിനായി കടത്തുകടന്ന് ചങ്ങനാശേരിയിലെത്തുക എന്നത് അതീവ ദുഷ്കരമാണ്.
മുന്‍ എംഎല്‍എ ജോബ് മൈക്കിള്‍ ഫുട് ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുന്നതിനായി 40 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ഇവിടെ സ്റ്റെപ്പ് കയറി ഇറങ്ങത്തക്കവിധമുള്ള നടപ്പാലമല്ല, മറിച്ച് വാഹനങ്ങള്‍ സഞ്ചരിക്കത്തക്കവിധമുള്ള പാലം നിര്‍മിച്ച് യാത്രാ പ്രതിസന്ധി പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഈ വിഷയം കഴിഞ്ഞദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ 22-ാംവാര്‍ഡ് കൗണ്‍സിലര്‍ സതീഷ്കുമാര്‍ അവതരിപ്പിച്ചിരുന്നു. 42മീറ്റര്‍ ദൂരമുള്ള പാലമാണ് നിര്‍മിക്കേണ്ടത്.
പാലം നെല്‍ കര്‍ഷകര്‍ക്കും ഏറെ ഗുണകരമാകും
പാലം നിര്‍മിച്ചാല്‍ ഇരൂപ്പാതോടിന് മറുകരെയുള്ള പതിനെട്ടോരം, കരിഞ്ചെമ്പ് പാടശേഖരങ്ങളിലേയ്ക്ക് കൃഷിക്കാവശ്യമായ വിത്തും വളവും അനുബന്ധ സാധനങ്ങളും എത്തിക്കുന്നതിനും വിളവെടുത്ത നെല്ല് പാടത്തുനിന്ന് ലോറിയിലേയ്ക്ക് കയറ്റാനുമാകും. നെല്‍കൃഷിക്കാരുടെ ചെലവിലും ഇത് വലിയ കുറവ് വരുത്തുമെന്നും കര്‍ഷകരും അഭിപ്രായപ്പെടുന്നു.
നഗരസഭാ പരിധിയിലും പായിപ്പാട് പഞ്ചായത്തു പരിധിയിലും വരുന്ന ഇവിടെ ഇരുനൂറോളം ഏക്കര്‍ പാടത്ത് നെല്‍കൃഷി നടക്കുന്നുണ്ട്. പാലമില്ലാത്തതിനാല്‍ നെല്‍ക്കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഫാം ടൂറിസത്തിനും അനുയോജ്യമായ പ്രദേശമാണിത്.
പോളയും ചെളിയും തിങ്ങിയതിനാല്‍ കക്കാട്ടുകടവ് കടത്തില്‍ ഇപ്പോള്‍ വള്ളമൂന്നി പോകാനാവാത്ത അവസ്ഥയാണ്.
കയര്‍ വലിച്ചുകെട്ടി വള്ളം വലിച്ചു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. മാസം 18,000 രൂപ വീതം കടത്തിന് വാടകയായി നഗരസഭ നല്‍കുന്നുണ്ട്. ഇവിടെ പാലം വരുന്നതോടെ നഗരസഭയുടെ ഈ ചെലവ് ഇല്ലാതാവുകയും ഇത്രത്തോളം രൂപ ലാഭമാകുകയും ചെയ്യും.
കക്കാട്ടുകടവില്‍ വാഹന സഞ്ചാരത്തിനുള്ള പാലംവേണം
കക്കാട്ടുകടവില്‍ നടപ്പാലമല്ല വേണ്ടത്. എംഎല്‍എ, എംപി എന്നിവരുടെ പ്രാദേശിക വികസനഫണ്ടുകള്‍ കൂടി പ്രയോജനപ്പെടുത്തി ഇവിടെ വാഹനങ്ങള്‍ക്ക് കടന്നു പോകാവുന്ന തരത്തില്‍ ഒരു പാലം നിർമിച്ചാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.
സതീഷ്കുമാർ
22-ാം വാര്ഡ്കൗസിലർ
ചങ്ങനാശേരി നഗരസഭ
Tags : Local News Nattuvishesham Kottayam